ഇന്ത്യയ്ക്ക് എണ്ണവിലയിൽ വലിയ ഇളവുകൾ വാഗ്ദാനംചെയ്ത് റഷ്യൻ കമ്പനികൾ; പ്രതികരിക്കാതെ ഇന്ത്യ

  • 07/03/2022

മുംബൈ: യൂറോപ്യൻ യൂണിയനും അമേരിക്കയും ഏർപ്പെടുത്തിയ ഉപരോധത്തെത്തുടർന്ന് വാണിജ്യ-വ്യവസായ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതോടെ ഇന്ത്യയ്ക്ക് എണ്ണവിലയിൽ വലിയ ഇളവുകൾ വാഗ്ദാനംചെയ്ത് റഷ്യൻ എണ്ണക്കമ്പനികൾ. ബ്രെന്റ് ക്രൂഡ് വിലയിലും 25 മുതൽ 27 ശതമാനം വരെ കുറച്ച് ഇന്ത്യക്ക് അസംസ്‌കൃത എണ്ണ നൽകാമെന്നാണ് റഷ്യൻ കമ്പനികളുടെ വാഗ്ദാനം. റഷ്യൻ സർക്കാർ നിയന്ത്രണത്തിലുള്ള റോസ്നെഫ്റ്റാണ് കൂടുതൽ ഇളവ് വാഗ്ദാനംചെയ്തത്. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ എണ്ണ നൽകുന്നതും റോസ്നെഫ്റ്റ് ആണ്.

എണ്ണയ്ക്ക് വില കുതിച്ചുകയറിയ സാഹചര്യത്തിൽ റഷ്യയുടെ വാഗ്ദാനം മോഹിപ്പിക്കുന്നതാണ്. എന്നാൽ, പണം എങ്ങനെ കൈമാറുമെന്നതാണ് വെല്ലുവിളി. അതുകൊണ്ട് ഇന്ത്യ ഇതിനോട് പ്രതികരിച്ചിട്ടില്ല. അന്താരാഷ്ട്ര ബാങ്കിങ് ഇടപാടുകൾക്കുള്ള മെസേജിങ് സംവിധാനമായ 'സ്വിഫ്റ്റി'ന് ഉപരോധമുള്ളതിനാൽ ഡോളറിൽ വിനിമയം സാധ്യമല്ല.

റഷ്യയുമായി വ്യാപാര ഇടപാടുകൾ നടത്തുമ്പോൾ ജാഗ്രതവേണമെന്ന നിലപാടിലാണ് ഇന്ത്യൻ ബാങ്കുകൾ. രൂപ-റൂബിൾ ഇടപാടിനായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അന്തിമതീരുമാനമായിട്ടില്ല.

Related News