പൂച്ചയുടെ കടിയേറ്റ സ്ത്രീകൾ മരിച്ചു; ടി.ടി എടുത്തിട്ടും ഫലം കണ്ടില്ല; പേവിഷ ബാധയേറ്റതായി ഡോക്ടർമാർ

  • 08/03/2022

ഹൈദരാബാദ്: പൂച്ചയുടെ കടിയേറ്റ് സ്ത്രീകൾ മരിച്ചു. രണ്ട് മാസം മുമ്ബ് പൂച്ചയുടെ കടിയേറ്റ സ്ത്രീകളാണ് ചികിത്സയിലിരിക്കെ മരിച്ചത്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ വെമുലമാഡ ഗ്രാമത്തിലാണ് സംഭവം. നാഗമണി (43), കമല (64) എന്നീ സ്ത്രീകളാണ് മരിച്ചത്.

പൂച്ച കടിച്ചതിന് പിന്നാലെ രണ്ട് പേരും ആശുപത്രിയിലെത്തിയിരുന്നു. ടിടി കുത്തിവെയ്പ്പ് സ്വീകരിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരുടെയും ആരോഗ്യനില മോശമാവുകയും വീണ്ടും ആശുപത്രിയിൽ പ്രവേശിക്കുകയുമായിരുന്നു.

ചികിത്സയിൽ തുടരവേ ശനിയാഴ്ച രാവിലെ 10 മണിയോടെ കമലയും നാഗാമണിയും മരിച്ചു. ഇരുവർക്കും പേവിഷബാധയേറ്റതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. യഥാസമയം വേണ്ട ചികിത്സ ലഭിച്ചിരുന്നില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തൽ.

ഇതിനിടെ സ്ത്രീകളെ കടിച്ച പൂച്ചയെ ഒരു പട്ടി ആക്രമിക്കുകയും സംഭവത്തിൽ പൂച്ചയ്ക്ക് കടിയേൽക്കുകയും ചെയ്തതായി ഗ്രാമവാസികൾ അറിയിച്ചു. എന്നാൽ ദിവസങ്ങൾക്ക് ശേഷം പട്ടി ചത്തു. പൂച്ചയ്ക്ക് പേ വിഷബാധയുണ്ടായിരുന്നുവെന്നാണ് ഗ്രാമവാസികൾ വ്യക്തമാക്കുന്നത്.

Related News