രാജ്യത്തെ ഇന്ധന വിലയിൽ വർധനയുണ്ടാകുമെന്ന സൂചന നൽകി കേന്ദ്ര പെട്രോളിയം മന്ത്രി

  • 08/03/2022

ദില്ലി: രാജ്യത്തെ എണ്ണ വില കൂടിയേക്കുമെന്ന സൂചന നൽകി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. അന്താരാഷ്ട്ര വിപണിവില രാജ്യത്തെ എണ്ണവിലയെ സ്വാധീനിക്കുമെന്നും റഷ്യ - യുക്രൈൻ പ്രതിസന്ധി എണ്ണ കമ്പനികളെ ബാധിക്കുമെന്നും വ്യക്തമാക്കിയ മന്ത്രി അന്താഷ്ട്ര സാഹചര്യങ്ങൾ കണക്കിലെടുത്ത് തീരുമാനം കൈകൊള്ളേണ്ടി വന്നേക്കുമെന്നും പറഞ്ഞു. 

അതേസമയം  യുക്രൈൻ-റഷ്യ യുദ്ധം മുറുകുന്നതിനിടെ ഭക്ഷ്യ എണ്ണയും ഇന്ധനവും സ്റ്റോക്ക് ചെയ്ത് ഇന്ത്യക്കാർ. യുദ്ധം കാരണം ഭക്ഷ്യ എണ്ണയുടെ വില ഉയർന്നിരുന്നു. ഭാവിയിലെ വിലക്കയറ്റവും ക്ഷാമവും മുന്നിൽക്കണ്ടാണ് ആളുകൾ കൂടുതലായി എണ്ണ വാങ്ങിക്കൂട്ടുന്നത് എന്നാണ് നിഗമനം. എൻഡിടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. 

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നത് ഇന്ധനവില വർധനക്ക് കാരണമാകുമെന്ന ആശങ്ക പരക്കെയുണ്ട്. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ രാജ്യത്താകമാനം ഇന്ധനവിലയിൽ വരും ദിവസങ്ങളിൽ വൻകുതിപ്പുണ്ടാകുമെന്ന തരത്തിൽ പ്രചരണം ശക്തമാണ്. ഒരു മാസത്തിനുള്ളിൽ ഭക്ഷ്യ എണ്ണ വിലയിൽ 20 ശതമാനത്തിലധികമാണ് വർധനവാണുണ്ടായത്. ഇതിന് പുറമെ സോഷ്യൽ മീഡിയയിൽ  ക്ഷാമം സംബന്ധിച്ച വ്യാജ സന്ദേശങ്ങളും ആളുകൾക്കിടയിൽ പരിഭ്രാന്തി പരത്തുന്നു. രാജ്യത്തെ ഭക്ഷ്യ എണ്ണയുടെ ആവശ്യത്തിന്റെ മുക്കാൽ ഭാഗവും ഇറക്കുമതി ചെയ്യുകയാണ്.

Related News