കൊവിഡിനെ പിടിച്ചുകെട്ടി ഇന്ത്യ; 662 ദിവസത്തിനിടയിലെ ഏറ്റവും ആശ്വാസദിനം

  • 08/03/2022

ദില്ലി: പ്രതിദിന പുതിയ കൊവിഡ്-19 കേസുകളുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിൽ 3,993 ആയി കുറഞ്ഞു. ഇതോടെ കൊവിഡിന് എതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യ മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. 662 ദിവസങ്ങൾക്ക് ശേഷം ആണ് ഇത്രയും കുറഞ്ഞ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 2020 മെയ് 16-ന് ആണ് ഇത്രയും കുറഞ്ഞ കേസുകൾ ഇതിന് മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നത്. അന്ന് 3,970 കേസുകളാണ് ഒരു ദിനം സ്ഥിരീകരിച്ചത്.

ചികിത്സയിൽ ഉള്ളവരുടെ എണ്ണവും 664 ദിവസങ്ങൾക്ക് ശേഷം 50,000-ത്തിൽ താഴെയായി കുറഞ്ഞു. നിലവിൽ, 49,948 പേരാണ് ചികിത്സയിൽ ഉള്ളത്. 2021 മെയ് 14-ന് ആണ് ഇതിനു മുമ്പ് ഏറ്റവും കുറഞ്ഞ പേർ ചികിത്സയിൽ ഉണ്ടായിരുന്നത് - 49,219 കേസുകൾ. രാജ്യത്തെ പരിശോധന ശേഷിയും വർധിച്ചുവരുന്ന സാഹചര്യത്തിൽ, കഴിഞ്ഞ ആഴ്ച ശരാശരി 8.5 ലക്ഷം പരിശോധനകളാണ് നടത്തിയത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.68% ആണ്.

കേരളത്തിലും കൊവിഡ് രോഗബാധിതരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഇന്നലെ കേരളത്തിൽ 1223 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 227, തിരുവനന്തപുരം 148, കോട്ടയം 128, തൃശൂർ 114, കൊല്ലം 110, കോഴിക്കോട് 99, ഇടുക്കി 82, പത്തനംതിട്ട 71, കണ്ണൂർ 57, പാലക്കാട് 53, മലപ്പുറം 44, ആലപ്പുഴ 39, വയനാട് 28, കാസർഗോഡ് 23 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്. 23,641 സാമ്പിളുകളാണ് പരിശോധിച്ചത്.

Related News