വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതിയിൽ; ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ച കേസെന്ന് ദിലീപിൻറെ വാദം

  • 08/03/2022

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി നടൻ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ നിർണായകമായ മൊബൈൽ ഫോൺ ഡേറ്റകൾ ദിലീപ് നശിപ്പിച്ചതായി അന്വേഷണസംഘം ഇന്നലെ സത്യവാങ്മൂലം നൽകിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സഹോദരൻ അനൂപും അടക്കമുളള പ്രതികൾ ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ് ഐ ആറിൽ ഉളളത്. കേസിൽ ദിലീപിനും കൂട്ടുപ്രതികൾക്കും നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ തെളിവൊന്നുമില്ലെന്ന് വ്യക്തമായതോടെ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ച കേസാണിതെന്നാണ് ദിലീപിൻറെ വാദം.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധഗൂഡാലോചന നടത്തിയ കേസിൽ ഫോണിലെ തെളിവുകൾ നടൻ ദിലീപ് നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുളളത് . ഫോണുകൾ കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടശേഷമാണ് മുംബൈയിൽ വെച്ച്  ഫോണുകൾ ഫോർമാറ്റ് ചെയ്തയെന്നും കണ്ടെത്തി. തെളിവുകൾ നശിപ്പിക്കാൻ ദിലീപ് മനപൂർവം ശ്രമിച്ചു എന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചിരിക്കുന്നത്.

ദിലീപിൻറെയും സഹോദരൻ അനൂപിൻറെയും സഹോദരീ ഭർത്താവ് സുരാജിൻറെയും അടക്കം ആറു ഫോണുകളാണ് സൈബർ ഫൊറൻസിക് പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് വിധേയമാക്കിയത്. വധ ഗൂഡാലോചനാക്കേസിൽ ദിലീപിൻറെയും കൂട്ടുപ്രതികളുടെയും പങ്കാളിത്തം തെളിയിക്കുന്നതിനുളള പ്രധാന തെളിവായി ഫോണുകൾ മാറും എന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ ജനുവരി 29നായിരുന്നു ഈ ഫോണുകൾ കൈമാറാൻ ഹൈകോടതി ഉത്തരവിട്ടത്. എന്നാൽ ഇതേ ദിവസവും തൊട്ടടുത്ത ദിവസവുമായി മുംബൈയിലേക്ക് കൊണ്ടുപോയ നാല് ഫോണുകളിലെ ഡേറ്റകൾ നീക്കം ചെയ്‌തെന്നാണ് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിരിക്കുന്നത്.

Related News