സുധാകരനെതിരെ ഭീഷണി പ്രസംഗം: പറഞ്ഞതിൽ തെറ്റില്ല, സുധാകരനുള്ള മറുപടി മാത്രമെന്ന് ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി

  • 09/03/2022

ഇടുക്കി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഭീഷണി പ്രസംഗം നടത്തിയതിനെ ന്യായീകരിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. ''സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യം ഇല്ലാത്തതു കൊണ്ട്'' മാത്രമാണതെന്നുമുള്ള പരാമർശം പ്രകോപനമല്ലെന്നും സുധാകരനുള്ള മറുപടി മത്രമാണെന്നുമാണ് സി വി വർഗീസിന്റെ വിശദീകരണം. 

''ധീരജ് കേസിലെ കോൺഗ്രസ് പ്രവർത്തകരായ പ്രതികൾ നിരപരാധികളാണെന്നും ധീരജ് മരണം ഇരന്നുവാങ്ങിയതാണെന്നും സുധാകരൻ പറഞ്ഞു. പ്രതികളെ ജയിലിൽ നിന്നിറക്കി ഇടുക്കിയിലൂടെ നടത്തുമെന്നും പറഞ്ഞു. സുധാകരൻ ഇടുക്കിയിൽ വന്ന് പറഞ്ഞതിനുള്ള മറുപടിയാണ് ഞാൻ പറഞ്ഞത്. അത്തരം പരമാർശം നടത്തേണ്ടിയിരുന്നോ എന്ന് സുധാകരനാണ് പറയേണ്ടത്''. സന്ദർഭത്തിന് അനുസരിച്ചുള്ള ഒരു മറുപടിയാണ് നൽകിയതെന്നും ഏറ്റവും മാന്യമായി സത്യം പറഞ്ഞതാണെന്നും വർഗീസ് വിശദീകരിക്കുന്നു. പരാമർശം വിവാദമായതോടെയാണ് സി വി വർഗീസിന്റെ വിശദീകരണം. 

കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഎം ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിലായിരുന്നു ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ വിവാദ പരാമർശം. സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും അത് ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് മാത്രമാണെന്നുമാണ് സി വി വർഗീസ് ഇടുക്കിയിൽ പ്രസംഗിച്ചത്. 



Related News