പല്ലുതേക്കുന്നതിനിടെ യുവതിയുടെ വായില്‍ ടൂത്ത് ബ്രഷ് തുളച്ചുകയറി, ശസ്ത്രക്രിയ

  • 09/03/2022

ചെന്നൈ: പല്ലുതേക്കുന്നതിനിടെ വഴുതിവീണ യുവതിയുടെ വായില്‍ ടൂത്ത് ബ്രഷ് തുളച്ചുകയറി. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ ബ്രഷ് നീക്കം ചെയ്തു. കാഞ്ചിപുരം സ്വദേശിയായ യുവതിയുടെ വായില്‍ നിന്നാണ് ബ്രഷ് നീക്കം ചെയ്തത്. രേവതി എന്ന 34 കാരിക്കാണ് ദുരാനുഭവം ഉണ്ടായത്.

മാര്‍ച്ച് 4നാണ് സംഭവം ഉണ്ടായത്. രാവിലെ പല്ലുതേക്കുന്നതിനിടെ ഇവര്‍ അവിചാരിതമായി ബാത്ത്റൂമിന്‍റെ തറയില്‍ വീണു. വീഴ്ചയുടെ ആഘാതത്തില്‍ ഇവരുടെ തല തറയില്‍ ഇടിക്കുകയും ബ്രഷ് കവിളില്‍ തുളഞ്ഞുകയറുകയുമായിരുന്നു. പിന്നീട് വായ അടയ്ക്കാനോ തുറക്കാനോ കഴിയാത്ത സാഹചര്യമുണ്ടായി. തുടര്‍ന്ന് ഉടന്‍ തന്നെ ഇവരെ കാഞ്ചീപുരം ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രഷ് രേവതിയുടെ കവിളിലെ എല്ലുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ ആയിരുന്നു. ഗവണ്‍മെന്‍റ് ആശുപത്രിയിലെ സര്‍ജന്മാര്‍ ഇവരുടെ വായയില്‍ നിന്നും ബ്രഷ് നീക്കം ചെയ്യാന്‍ തിരുമാനിച്ചു. മാര്‍ച്ച് 5ന് രേവതിക്ക് അനസ്തേഷ്യ നല്‍കി. കവിളിന്‍റെ ഒരു ഭാഗം മുറിച്ചാണ് ബ്രഷിന്‍റെ ഒരു ഭാഗം പുറത്ത് എത്തിച്ചത്. ഇത്തരത്തില്‍ ഡെന്‍റല്‍ കാവിറ്റിയില്‍ നിന്നും വിജയകരമായി സര്‍ക്കാര്‍ ആശുപത്രിയിലെ സര്‍ജന്മാരായ ഡോ. വെങ്കിടേഷും, ഡോ.നരേനും ചേര്‍ന്ന് ബ്രഷ് പുറത്ത് എത്തിച്ചു.

പല്ലിന്റെ ഇടയില്‍ കുടുങ്ങിയ ബ്രഷിന്റെ ഒരുഭാഗം പുറത്തെടുക്കാന്‍ അല്‍പം പാടുപെട്ടുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.യുവതി ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും ഉടന്‍ തന്നെ പൂര്‍ണമായും സുഖം പ്രാപിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 

Related News