ഫലം അറിയാൻ കുറച്ച് സമയം മാത്രം ബാക്കി, ഗോവ കോൺഗ്രസ് സ്ഥാനാർഥികൾ റിസോർട്ടിൽ; ഗവർണറെ കാണാൻ അനുമതി തേടി

  • 09/03/2022

ഗോവ: ഫലം അറിയാൻ കുറച്ച് സമയം മാത്രം ബാക്കി നിൽക്കെ ഗോവയിൽ കോൺഗ്രസ് നേതൃത്വം പാർട്ടി സ്ഥാനാർഥികളിൽ പിടിമുറുക്കുകയാണ് . മുൻകാല ചരിത്രം ആവർത്തിക്കാതിരിക്കാനുള്ള മുന്നൊരുക്കമാണിത്. കോൺഗ്രസ് സ്ഥാനാർഥികളെ ദക്ഷിണ ഗോവയിലെ റിസോർട്ടിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം വടക്കൻ ഗോവയിലെ ഒരു റിസോർട്ടിലായിരുന്നു സ്ഥാനാർഥികൾ. ഇവരെ നിയന്ത്രിക്കാനും ഏറ്റവും വലിയ ഒറ്റകക്ഷിയാൽ ഭരണത്തിലേറാനുമുള്ള നടപടികൾ ഏകോപിപ്പിക്കാൻ ഹൈക്കമാണ്ട് ഒരു സംഘത്തെ ഗോവയിലേക്ക് അയച്ചിരുന്നു. കർണാടകയിലെ ഡി കെ ശിവകുമാറിനേയും ആറംഗ സംഘത്തേയുമാണ് ഗോവയിലെ കോൺഗ്രസിനെ നിയന്ത്രിക്കാൻ ഹൈക്കമാണ്ട് രംഗത്തിറക്കിയത്.ഇതിനിടെ ഗവർണറെ കാണാൻ കോൺഗ്രസ് അനുമതി തേടി. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ കാണാൻ ആണ് അനുമതി ചോദിച്ചിട്ടുള്ളത്. ഗോവയിൽ അത്രയധികം ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം

2017ലെ തെരെഞ്ഞെടുപ്പിൽ ആകെയുള്ള 40 സീറ്റിൽ 17 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നു. എന്നാൽ ചെറു പാർട്ടികളുടെ അടക്കം പിന്തുണ നേടാൻ ആകാതെ വന്നതോടെ 13 സീറ്റ് നേടിയ ബി ജെ പി അവിടെ സർക്കാർ ഉണ്ടാക്കി. അതിനുശേഷം രണ്ട് വർഷം കഴിഞ്ഞ് കോൺഗ്രസിലെ 15 എം എൽ എമാർ ബി ജെ പിയിൽ ചേരുകയും ചെയ്തു. ഇതോടെ ഭരണം ബി ജെ പിക്ക് എളുപ്പമായി. ഇത്തവണ ഇതൊഴിവാക്കാനാണ് കോൺഗ്രസ് അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നത്

ഈ സാഹചര്യം മുന്നിലുള്ളതുകൊണ്ടാണ് കോൺഗ്രസ് സ്ഥാനാർഥികൾക്കു മേൽ നിയന്ത്രണം കടുപ്പിച്ചത്. കൂറുമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേ ദിവസം തന്നെ സ്ഥാനാർഥികളെ റിസോർട്ടുകളിലേക്ക് മാറ്റി. തെരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റ കക്ഷി ആയാൽ മറ്റ് ചെറുകക്ഷികളുടെ പിന്തുണ അടക്കം തേടി സർക്കാർ ഉണ്ടാക്കിയ ശേഷമേ ഡി കെ ശിവകുമാറും സംഘവും മടങ്ങുകയുള്ളൂ.

Related News