' അവന്‍ എന്‍റെ രണ്ടാനപ്പന്‍; അമ്മയുടെ തുണി അലക്കും, പാത്രം കഴുകും', കൊല്ലപ്പെട്ട ഒന്നരവയസ്സുകാരിയുടെ പിതാവിന്‍റെ വെളിപ്പെടുത്തല്‍

  • 10/03/2022

കൊച്ചി: കൊച്ചിയില്‍ ഒന്നരവയസ്സുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിലെ പ്രതി ജോണ്‍ ബിനോയ് ഡിക്രൂസ്(27) തന്റെ 'രണ്ടാനപ്പനാ'ണെന്ന് കുഞ്ഞിന്റെ അച്ഛന്‍ സജീവ്. കഴിഞ്ഞ ദിവസം രാത്രി കറുകുറ്റിയിലെ വീട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നോറ മരിയയുടെ അച്ഛന്‍ സജീവ് ഇക്കാര്യം പറഞ്ഞത്. 

'ജോണ്‍ ബിനോയ് എന്റെ രണ്ടാനപ്പനാണ്. എന്റെ അമ്മയെ രണ്ടാമത് കെട്ടിയ ആള്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ആദ്യം മുന്‍കൈയെടുത്തത് ഞാനാണ്. അങ്ങനെയുള്ള എന്നെയാണ് തല്ലിയത്. കറുകുറ്റി ബാറില്‍നിന്ന് ഒരുത്തനെയും വിളിക്കാതിരുന്നതാ.  ഈ അടി ഞാന്‍ ഒറ്റയ്ക്ക് കൊള്ളണം. ചില്ല് അടിച്ച് പൊളിക്കണമെങ്കില്‍ പൊളിക്ക്'.

'മൂന്നു വര്‍ഷമായി ബിനോയിയെ അറിയാം. എന്റെ വീട്ടില്‍ തന്നെയാണ്. അവന്‍ എന്റെ അമ്മയുടെ തുണി അലക്കും പാത്രം കഴുകും. അങ്ങനെ വീട്ടുകാര്യങ്ങളൊക്കെ നോക്കിനടന്നിരുന്ന പയ്യനാണ്. ഇങ്ങനെ നടന്നത് പെട്ടെന്ന് ഒരു ഷോക്ക് കിട്ടിയപ്പോലെയായി.'- സജീവ് പറഞ്ഞു. 

ലഹരി ഉപയോഗിച്ച ശേഷമാണ് സജീവ് കറുകുറ്റിയിലെ വീട്ടിലെത്തിയത്. സജീവും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പിന്നീട് അങ്കമാലി പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

അതേസമയം ജോൺ ബിനോയി ഡിക്രൂസ് അതി ക്രൂരനായ കൊലയാളിയെന്ന് പൊലീസ്. വളർത്തുമൃഗങ്ങളെയടക്കം ബക്കറ്റിലെ വെളളത്തിൽ മുക്കിക്കൊല്ലുന്ന ശീലം പ്രതിക്ക് ഉണ്ടായിരുന്നു എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇയാളുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും അന്വേഷണം തുടങ്ങി.

ബിനോയി വീട്ടിൽ സ്ഥിരം ശല്യക്കാരനായിരുന്നു എന്നാണ് വളർത്തമ്മയായ ഇംതിയാസ് പറയുന്നത്. 14 ദിവസം പ്രായമുളളപ്പോൾ ബിനോയിയെ എടുത്തുവള‍ർത്തിയതാണ് ഇവര്‍. കോഴിയെ ബക്കറ്റിലെ വെളളത്തിൽ മുക്കിക്കൊല്ലുന്ന ശീലമുണ്ടായിരുന്നു. തെരുവ് നായ്ക്കളെയടക്കം കാല് തല്ലിയൊടിച്ചശേഷം ജീവനോടെ കുഴിച്ചുമൂടിയിരുന്നു. ഇത്തരത്തിൽ അതിക്രൂരമായ മാനസിക നിലയുളളയാളായിരുന്നു 28 കാരനായ പ്രതി.

വീട്ടിൽ നിന്ന് മോഷണം പതിവായിരുന്നു. വളർത്തമ്മയെപ്പോലും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി പണം സ്വർണവും കവർച്ച നടത്തിയിട്ടുണ്ട്. ലഹരിമരുന്നിനായി പണത്തിനും മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ വിവരങ്ങളെല്ലാം ശേഖരിച്ച് പ്രതിയുടെ കുറ്റവാസന സംബന്ധിച്ച് കോടതിയെ ധരിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. കസ്റ്റഡിയിൽ വാങ്ങിയശേഷം ഇയാളുൾപ്പെട്ട മറ്റ് ഇടപാടുകളെപ്പറ്റിയും പരിശോധിക്കും.

Related News