'ഉത്തർപ്രദേശിനെ ഒന്നാം നമ്പർ സംസ്ഥാനമാക്കും'; യുപി ജനതയ്ക്ക് നന്ദി പറഞ്ഞ് യോഗി

  • 10/03/2022

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ ലഖ്‌നൌവിലെ പാർട്ടി ആസ്ഥാനത്ത് ജനങ്ങളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നേതാക്കൾക്കും ജനങ്ങൾക്കും യോഗി ആദിത്യനാഥ് നന്ദി പറഞ്ഞു. സർക്കാരിൻറെ വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞായിരുന്നു യോഗി ജനങ്ങളെ അഭിസംബോധന ചെയ്തത്. ബിജെപി മുന്നോട്ട് വച്ച ആശയങ്ങൾ ജനം സ്വീകരിച്ചു. അണികളുടെ പ്രയത്‌നമാണ് തുടർഭരണം സാധ്യമാക്കിയത്. ഉത്തർപ്രദേശിനെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനം ആക്കുമെന്നും യോഗി പറഞ്ഞു. ഒരുലക്ഷത്തിൽപ്പരം വോട്ടിനാണ് ഗൊരഖ്പൂരിൽ യോഗി ആദിത്യനാഥിൻറെ മിന്നും വിജയം. 

സംസ്ഥാനങ്ങളിലെ തേരോട്ടം ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയായി ബിജെപിയെ മാറ്റുകയാണ്. യുപിയിലെ വിജയം ബിജെപിയുടെ രാഷ്ട്രീയ ഡിഎൻഎയെ തന്നെ മാറ്റിയെഴുതി. കാർഷിക നിയമങ്ങളടക്കം പിന്മാറിയ വിഷയങ്ങളിൽ കൂടുതൽ പരിഷ്‌ക്കാരവുമായി രംഗത്തെത്തിയേക്കാനുള്ള ഊർജ്ജം ഇതോടെ ബിജെപിക്ക് കിട്ടുകയാണ്. കർഷക സമരത്തിൽ കടപുഴകുമെന്ന് കരുതിയിടത്ത് ആധികാരവും സമഗ്രവുമായ വിജയമാണ് ബിജെപി നേടിയത്. പഞ്ചാബിലൊഴികെ നാലിടത്തും ഭരണം പിടിക്കാൻ ബിജെപിക്കായി. യുപിയിൽ ഇത്തവണ കാല് ഇടറിയിരുന്നെങ്കിൽ  പാർട്ടിയുടെ ഭാവി സാധ്യത പോലും ചോദ്യം ചെയ്യപ്പെടുമായിരുന്നു. 2024  ലെ വിജയം ഉറപ്പിക്കുനന്നതിൽ ഈ വിജയം ബിജെപിക്ക് നിർണ്ണായകമാകും. മോദി തന്നെ  ഇപ്പോഴും ജനപ്രിയ നേതാവെന്ന് തെളിയിക്കുന്ന വിജയമെന്നാണ് ബിജെപിയുടെ അവകാശവാദം. 

ഏതൊരു തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെയും കടത്തിവെട്ടും വിധം കേന്ദ്ര നേതൃത്വമൊരുക്കുന്ന തന്ത്രങ്ങളും  പ്രവർത്തന ശൈലിയുമാണ് വിജയത്തിനാധാരം. യഥാർത്ഥ പ്രത്യയശാസ്ത്രം പുറത്തെടുക്കാൻ ഈ വിജയം ബിജെപിക്ക് ധാരാളമാണ്. രാഷ്ട്രീയ എതിരാളികൾക്കെതിരെ നടത്തുന്ന നീക്കങ്ങൾക്കും മൂർച്ച കൂട്ടാനാകും. കാർഷിക നിയമങ്ങളുടെ തിരിച്ചടി ഭയന്ന് പിന്മാറേണ്ടി വന്നെങ്കിലും നിയമ പരിഷ്‌ക്കാര നടപടികളിലക്കടക്കം  തിരിയാൻ ഈ വിജയം പ്രേരിപ്പിച്ചേക്കാം. കാർഷിക മേഖലകളിൽ ഈ തെരഞ്ഞെടുപ്പിൽ നടത്തിയ മുന്നേറ്റം തന്നെ അതിന് ഇന്ധനമാകും. ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച ചർച്ചകൾ സജീവമായിരിക്കേ ആ അജണ്ടകളിലേക്ക് തിരിയാനും ഈ തേരോട്ടം ബിജെപിക്ക് ഊർജ്ജമാകും.

Related News