ജോലിക്ക് പോകാത്തതിന് വഴക്കു പറഞ്ഞ അമ്മായി അമ്മയെ യുവാവ് ഉലക്ക കൊണ്ടടിച്ചു കൊന്നു, പ്രതിക്ക് ജീവപര്യന്തം

  • 10/03/2022

കോട്ടയം: കോട്ടയത്ത് അമ്മായിയമ്മയെ ഉലക്കകൊണ്ട് അടിച്ചുകൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തവും പിഴയും. കൈപ്പുഴ മേക്കാവ് അംബികാവിലാസം കോളനിയില്‍ ശ്യാമളയെ (55) കൊന്ന കേസില്‍, മകളുടെ ഭര്‍ത്താവ് ആര്‍പ്പൂക്കര അത്താഴപ്പാടം നിഷാദി (35) നാണ് ജീവപര്യന്തം കഠിനതടവ് വിധിച്ചത്. ഇതിന് പുറമെ 25,000 രൂപ പിഴയടയ്ക്കാനും അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സാനു എസ്.പണിക്കര്‍ ശിക്ഷിച്ചത്.

2019 ഫെബ്രുവരി 19-നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ശ്യാമള വിദേശത്ത് ജോലിചെയ്യുകയായിരുന്നു. നാട്ടിലെത്തിയ ഇവര്‍, ജോലിക്കൊന്നും പോകാതിരിക്കുന്ന നിഷാദിനെ വഴക്കുപറഞ്ഞു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രാത്രിയില്‍ മകളോടൊപ്പം ഉറങ്ങിക്കിടന്ന ശ്യാമളയെ വീട്ടിലിരുന്ന ഉലക്കകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ ഭാര്യയ്ക്കൊപ്പം കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ മാനസികരോഗത്തിന് ചികിത്സതേടാന്‍ പോയി. അവിടെനിന്നാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിയശേഷം, പ്രതിയുടെ ഭാര്യ അടുത്തവീട്ടിലേയ്ക്ക് മൊബൈല്‍ ഫോണില്‍ വിളിച്ച് ശ്യാമളയ്ക്ക് മൊബൈല്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. ഫോണുമായി ചെന്ന പെണ്‍കുട്ടിയാണ് ശ്യാമള രക്തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. സാഹചര്യത്തെളിവിന്റേയും ശാസ്ത്രീയ തെളിവിന്റേയും അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചത്. വിചാരണക്കിടെ പ്രതിയുടെ ഭാര്യ കൂറുമാറിയിരുന്നു. 

Related News