ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; നല്ല നിർദേശം, നടപ്പാക്കാൻ സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

  • 10/03/2022

ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് നല്ല നിർദേശമാണെന്നും അത് നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ സജ്ജമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര. വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ ഭരണഘടനാ സംബന്ധമായ മാറ്റങ്ങൾ ആവശ്യമുള്ള വിഷയമായതിനാൽ ഇക്കാര്യത്തിൽ പാർലമെന്റാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ പ്രകാരം എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ചാണ് നടത്തേണ്ടത്. സ്വാതന്ത്ര ലബ്ധിക്ക് ശേഷമുള്ള പാർലമെന്റ് തെരഞ്ഞെടുപ്പുകൾ അത്തരലായിരുന്നു നടന്നിരുന്നതും. മൂന്ന് തെരഞ്ഞെടുപ്പുകൾ ഇങ്ങനെ ഒരുമിച്ച് നടന്നു. അതിന് ശേഷം സംസ്ഥാന നിയമസഭകളും ചിലപ്പോഴൊക്കെ പാർലമെന്റും കാലാവധി കഴിയുന്നതിന് മുമ്പ് പിരിച്ചുവിടപ്പെട്ടു. ഇതാണ് തെരഞ്ഞെടുപ്പുകളുടെ ക്രമം തെറ്റാൻ കാരണമായത്. ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്നത് നല്ലരു നിർദേശമാണ് എന്നാൽ അതിന് ഭരണഘടനയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിനായി അഞ്ച് വർഷം തികയാത്ത നിയമസഭകൾ പിരിച്ചുവിടാൻ ഭരണഘടനാ പ്രകാരം സാധിക്കുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്.  അല്ലെങ്കിൽ പാർലമെന്റിന്റെ കാലാവധി നീട്ടേണ്ടി വരും. രണ്ട് തവണയായി പകുതി വീതം സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താൻ സാധിക്കുമോയെന്ന കാര്യവും പാർലമെന്റാണ് തീരുമാനിക്കേണ്ടത്. തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താൻ ഇലക്ഷൻ കമ്മീഷൻ പൂർണ സജ്ജമാണ്. അഞ്ച് വർഷത്തിലൊരിക്കൽ എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താനുള്ള ശേഷിയും കമ്മീഷനുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.

Related News