ഇത് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനം; ജനങ്ങളുടെ വിജയമെന്ന് പ്രധാനമന്ത്രി

  • 10/03/2022

ദില്ലി: ഇത് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ വിജയമാണിത്. ബിജെപി പ്രവര്‍ത്തകരുടെ കഠിനാധ്വാനമാണ് വിജയം സമ്മാനിച്ചത് എന്നും പറഞ്ഞ മോദി പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചെയ്തു. ബിജെപി ആസ്ഥാനത്ത് വിജയാഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.


സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അം​ഗീകരാമാണ് ഈ വിജയം. ഉത്തര്‍പ്രദേശ് ചരിത്രം കുറിച്ചു. യുപിയില്‍ ഒരു മുഖ്യമന്ത്രി കാലാവധി പൂര്‍ത്തിയാക്കി വീണ്ടും അധികാരത്തിലെത്തുന്നത് ചരിത്രത്തിലാദ്യമായാണ്. യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി ചരിത്രം കുറിച്ചു. ഇന്ന് മുതല്‍ പ്രവര്‍ത്തകര്‍ക്ക് ഹോളിയാണ്. സ്ത്രീകളും യുവവോട്ടര്‍മാരും ബിജെപിയെ പിന്തുണച്ചു.കന്നിവോട്ടര്‍മാരെല്ലാം ബിജെപിക്ക് വോട്ട് ചെയ്തു. ഇത് നിര്‍ണായകമായി. യുപിയില്‍ ജാതി രാഷ്ട്രീയം അവസാനിച്ചു. യുപിയില്‍ ജനങ്ങള്‍ വോട്ട് ചെയ്തത് വികസനത്തിനാണ്. 2024ലെ വിജയത്തിന് ജനം അടിത്തറ പാകി.

വിജയത്തിന്റെ കാരണകാരനായ മോദിയെ അഭിനന്ദിക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞു. 2024 ലെ തെരഞ്ഞെടുപ്പിന് ജനങ്ങള്‍ നല്‍കിയ അനുഗ്രഹമാണ് ഈ വിജയം. നരേന്ദ്രമോദിയുടെ പ്രവര്‍ത്തനമാണ് വന്‍വിജയത്തിന് കാരണം. ഭാവിയിലെ വിജയത്തിന്‍റെ സൂചനമാത്രമാണ് ഈ വിജയം. മോദിയുടെ കീഴില്‍ ബിജെപി ചരിത്രം കുറിച്ചിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തല്‍ കൂടിയാണിത്. ഈ വിജയം സൂചന മാത്രം. 2024ലും മോദിക്ക് അധികാര തുടര്‍ച്ച ജനം നല്‍കുമെന്നും നദ്ദ പറഞ്ഞു.

Related News