ലൈംഗിക ചൂഷണം ലക്ഷ്യമിട്ടു; അധ്യാപികയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ പി എഫ് നോഡല്‍ ഓഫീസര്‍ പിടിയില്‍

  • 10/03/2022

കോട്ടയം: പ്രൊവിഡന്റ് ഫണ്ടിലെ അപാകതകൾ പരിഹരിച്ചതിനു പ്രതിഫലം ആവശ്യപ്പെട്ട് അധ്യാപികയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. കേരള എയ്ഡഡ് സ്‌കൂള്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫീസറായ കണ്ണൂര്‍ സ്വദേശി ആര്‍. വിനോയ് ചന്ദ്രനെ (41)യാണ് കോട്ടയത്തെ ഹോട്ടലില്‍നിന്ന് വിജിലന്‍സ് സംഘം പിടികൂടിയത്. 

കാസര്‍കോട് ഡി.ഡി.ഇ. ഓഫീസിലെ ഉദ്യോഗസ്ഥനായ ഇയാള്‍ എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ കൗണ്‍സില്‍ അംഗം കൂടിയാണ്. പി.എഫുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് കോട്ടയത്തെ അധ്യാപിക നോഡല്‍ ഓഫീസറായ വിനോയ് ചന്ദ്രനെ സമീപിച്ചത്. അധ്യാപികയുടെ പിഎഫ് അക്കൗണ്ടിലെ പ്രശ്നം പരിഹരിച്ചു കൊടുത്തതിനു പ്രതിഫലമായി കോട്ടയത്തെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത ശേഷം അധ്യാപികയെ വിളിച്ചു വരുത്തുകയായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ തന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങണമെന്ന രീതിയിലാണ് ഇയാള്‍ അധ്യാപികയോട് സംസാരിച്ചത്. വാട്‌സാപ്പില്‍ നിരന്തരം സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിരുന്നു. 

ഇതിനിടെയാണ് കോട്ടയത്ത് വരുന്നുണ്ടെന്നും നേരില്‍ കാണണമെന്നും പറഞ്ഞത്. നഗരത്തിലെ ഹോട്ടലില്‍ വരുമ്പോള്‍ 44 സൈസിലുള്ള ഷര്‍ട്ട് സമ്മാനമായി കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതോടെ ദുരുദ്ദേശ്യം മനസിലാക്കിയ അധ്യാപികയും കുടുംബവും വിജിലന്‍സിനെ വിവരമറിയിക്കുകയായിരുന്നു. അധ്യാപികയുടെ പരാതി ലഭിച്ചതോടെ വിജിലന്‍സും ഉദ്യോഗസ്ഥനെ കുടുക്കാനുള്ള തിരക്കഥ തയ്യാറാക്കി.  വിജിലന്‍സ് തന്നെയാണ് ഇയാള്‍ക്ക് കൈമാറാനുള്ള ഷര്‍ട്ട് അധ്യാപികയ്ക്ക് നല്‍കിയത്. അധ്യാപികയുമായി ഇയാൾ മുറിയിൽ എത്തിയപ്പോൾ വിജിലൻസ് പിടികൂടുകയായിരുന്നു. 

Related News