അന്താരാഷ്ട്ര വിമാന സർവീസ് നിരക്കുകൾ 40 ശതമാനംവരെ കുറയാൻ സാധ്യത

  • 10/03/2022

മുംബൈ: കൊവിഡ് മൂലം നിർത്തിവച്ച അന്താരാഷ്ട്ര വിമാന സർവീസുകൾ  വീണ്ടും പൂർണ്ണതോതിൽ ആരംഭിച്ചതോടെ രാജ്യത്ത് നിന്നും വിദേശത്തേക്കുള്ള വിമാന സർവീസുകളുടെ യാത്ര നിരക്ക് 40 ശതമാനം കുറയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഇന്ത്യയിലേക്കും, തിരിച്ചുമുള്ള സർവീസുകൾ കൂട്ടാൻ വിമാന കമ്പനികൾ തയ്യാറായതോടെ വിമാനനിരക്കുകളിൽ കുറവ് വരും എന്നാണ് കരുതപ്പെടുന്നത്. സർവീസുകൾ കൂടുന്നതോടെ കൊവിഡിന് മുൻപ് ഉണ്ടായിരുന്ന നിരക്കിലേക്ക് രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസിനെ എത്തിക്കുമെന്നാണ് ഇക്‌സിഗോ റിപ്പോർട്ട് പറയുന്നത്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിലക്കുകൾ പിൻവലിച്ച് ഈ മാസം 27 മുതലാണ് അന്താരാഷ്ട്ര സർവീസുകൾ വീണ്ടും തുടങ്ങുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച വിമാനങ്ങൾ  പുനരാരംഭിക്കാൻ തീരുമാനിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചത്. ഇതു വരെ എയർ ബബിൾ സംവിധാനത്തിലുള്ള പ്രത്യേക സർവീസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.

രാജ്യത്ത് കൊവിഡ് വ്യാപനം എല്ലാ സംസ്ഥാനങ്ങളിലും നിയന്ത്രണ വിധേയമായതോടെ കഴിഞ്ഞ വർഷം ഡിസംബർ 15 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യ ആലോചിച്ചിരുന്നു. എന്നാൽ പെട്ടെന്നുയർന്ന ഒമിക്രോൺ വകഭേദത്തെ കുറിച്ചുള്ള ഭീതിയും ആശങ്കയും ജാഗ്രതയും തീരുമാനം മാറ്റാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചു. അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് വിലക്ക് ജനുവരി 31 വരെ ദീർഘിപ്പിച്ചിരുന്നു. 

Related News