നോർക്ക വഴി 10 കോടി രൂപ പഠന സഹായം: യുക്രെയ്നിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി ബജറ്റ്

  • 11/03/2022


തിരുവനന്തപുരം: യുക്രെയ്നിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ എന്‍ ബാലകൃഷ്ണന്‍റെ പ്രഖ്യാപനം. യുക്രെയിനിൽ നിന്ന് മടങ്ങി വന്നവർക്ക് നോർക്ക വഴി പഠന സഹായം നൽകും. പ്രശ്നങ്ങൾ പഠിക്കാനും ഇടപെടാനും നോർക്കയിൽ പ്രത്യേക സമിതി ഒരുക്കും. ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ വകയിരുത്തി. യുക്രെയിന്‍ യുദ്ധം കാരണം പഠനത്തിൽ തടസം വന്ന വിദ്യാർത്ഥികൾക്ക് പ്രഖ്യാപനം സഹായമാകും.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമൂല മാറ്റങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ രം​ഗത്ത് മെച്ചപ്പട്ട മാറ്റങ്ങളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സർവ്വകലാശാല ക്യാംപസുകളിൽ പുതിയ സ്റ്റാർട്ട് അപ്പുകൾ ആരംഭിക്കും. സർവ്വകലാശാല ക്യാംപസുകളോട് ചേർന്ന് സ്റ്റാർട്ട് അപ്പ് ഇൻകുബേഷൻ യൂണിറ്റ് ആരംഭിക്കും. ഇതിനായി 200 കോടി വകയിരുത്തി. 

ഹോസ്റ്റലുകളോട് ചേർന്ന് ഇന്റർനാഷണൽ ഹോസ്റ്റലുകളും 1500 പുതിയ ഹോസ്റ്റൽ മുറികളും നിർമ്മിക്കും. തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ കേന്ദ്രം ആരംഭിക്കും. അതിനായി കിഫ്ബി വഴി 100 കോടി അനുവദിക്കും. സ്കിൽ പാർക്കുകൾക്ക് 350 കോടി. 140 മണ്ഡലങ്ങളിലും സ്കിൽ കേന്ദ്രങ്ങൾ ലഭിക്കും. മെഡിക്കൽ ടെക് ഇന്നൊവേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ 150 കോടിയും മൈക്രോ ബയോ കേന്ദ്രങ്ങൾക്ക് 5 കോടിയും​ ​ഗ്രാഫീൻ ​ഗവേഷണത്തിന് ആദ്യ ​ഗഡുവായി 15 കോടിയും വകയിരുത്തുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് നാല് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും ബാലഗോപാല്‍ അറിയിച്ചു. ആയിരം കോടി രൂപ ചെലവിലാണ് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുക. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം വരുത്താന്‍ ലക്ഷ്യമിട്ട് ബജറ്റ് നിര്‍ദേശം. സര്‍വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് 200 കോടി രൂപ വകയിരുത്തി. ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് 20 കോടി രൂപ നീക്കിവെയ്ക്കുമെന്നും കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

Related News