കെഎസ്ആർടിസിയെ നവീകരിക്കുമെന്ന് മന്ത്രി; ബജറ്റിൽ നീക്കിവെച്ചത് 1000 കോടി

  • 11/03/2022

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ നവീകരിക്കുമെന്ന് കേരള ബജറ്റിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചു. 2000 കോടി രൂപ പ്രതീക്ഷിച്ച കോർപറേഷന് മുൻവർഷത്തെ പോലെ ആയിരം കോടി രൂപയാണ് നീക്കിവെച്ചത്. കെഎസ്ആർടിസിക്ക് കീഴിൽ പുതുതായി 50 പെട്രോൾ പമ്പുകൾ തുറക്കുമെന്നും മന്ത്രി അറിയിച്ചു.

കേരള ബജറ്റ് വലിയ പ്രതീക്ഷകളോടെയാണ് കെഎസ്ആർടിസി കാത്തിരുന്നത്. ചുരുങ്ങിയത് 2000 കോടിയുടെ ധനസഹായമെങ്കിലും ബജറ്റിൽ ലഭിക്കുമെന്നാണ് കെഎസ്ആർടിസി പ്രതീക്ഷിച്ചത്. കൊവിഡിന് മുൻപ് പെൻഷന് മാത്രമാണ് സംസ്ഥാന സർക്കാരിൻറെ സഹായം തേടിയതെങ്കിൽ ഇപ്പോൾ ജീവനക്കാരുടെ ശമ്പളം പോലും കൃത്യമായി നൽകാൻ പണമില്ലാത്ത സ്ഥിതിയിലാണ് കെ എസ് ആർ ടി സി. ഇതിനെല്ലാം പരിഹാരമാണ് ബാലഗോപാൽ തുറക്കുന്ന ബജറ്റ് പെട്ടിയിൽ കെ എസ് ആർ ടി സി ഉറ്റുനോക്കിയത്.

കഴിഞ്ഞ ബജറ്റിൽ ആയിരം കോടി രൂപ കെ എസ് ആർ ടി സി ക്ക് സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. പെൻഷൻ വിതരണം സഹകരണ സംഘങ്ങൾ വഴിയാണ്. എന്നാൽ കെ എസ് ആർ ടി സി സംസ്ഥാന സർക്കാർ നൽകുന്ന പണമാണ് പെൻഷനായി വിതരണം ചെയ്യുന്നത്. സംസ്ഥാന സർക്കാർ അധികമായി നൽകിയ 50 കോടി രൂപ ഉപയോഗിച്ചാണ് പുതിയ ബസുകൾ നടപ്പ് സാമ്പത്തിക വർഷം വാങ്ങിയത്.

മൂവായിരം കെ എസ് ആർ ടി സി ബസുകൾ സിഎൻജിയിലേക്ക് മാറ്റുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 300 കോടി രൂപയാണ് ഇതിന് വേണ്ടത്. പക്ഷെ നൂറ് കോടി മാത്രമാണ് അനുവദിച്ചത്. 2016 ൽ അന്നത്തെ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ ഇലക്ട്രിക് ബസുകൾ വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. അതിനുള്ള പണവും ബാലഗോപാലിൻറെ ബജറ്റ് പെട്ടിയിലുണ്ടാകുമെന്നാണ് കെ എസ് ആർ ടി സിയുടെ പ്രതീക്ഷ.

Related News