ദിവസക്കൂലിക്ക് ആളെയിറക്കി ഉയർന്ന ജോലിയെന്ന് ധരിപ്പിച്ച് വിവാഹ നിശ്ചയം, കള്ളം പറഞ്ഞ് പണവും തട്ടി, അറസ്റ്റ്

  • 11/03/2022

മലപ്പുറം: സ്വകാര്യ കമ്പനിയിൽ  ഉയർന്ന ജോലിക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം നിശ്ചയിച്ച് പ്രതിശ്രുത വധുവിന്‍റെ വീട്ടുകാരില്‍ നിന്ന് പത്ത് ലക്ഷം രൂപ തട്ടി. കേസില്‍ രണ്ടു പേരെ മലപ്പുറം ചങ്ങരംകുളത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ നിശ്ചയം നടത്താൻ ദിവസക്കൂലിക്ക് ആളെ ഇറക്കിയായിയുന്നു തട്ടിപ്പ്. പിതാവ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് പെൺകുട്ടിയുടെ വീട്ടുകാരില്‍ നിന്ന് പ്രതിശ്രുത വരനും സുഹൃത്തും ചേര്‍ന്ന് പണം തട്ടിയത്.

കോഴിക്കോട് സ്വദേശി അക്ഷയ്, സുഹൃത്ത് കൊല്ലം സ്വദേശി അജി എന്നിവരാണ് പൊലീസ് പിടിയിലായത്. അക്ഷയും പെൺകുട്ടിയും തമ്മിലുള്ള കല്യാണ നിശ്ചയം കഴിഞ്ഞ വർഷം ആർഭാടമായി നടന്നിരുന്നു. അടുത്തിടെയാണ് പിതാവിന്‍റെ ചികിത്സക്കെന്ന് പറഞ്ഞ് കബളിപ്പിച്ച് അക്ഷയ് പെൺകുട്ടിയുടെ വീട്ടുകാരില്‍ നിന്ന് പത്തു ലക്ഷം രൂപ വാങ്ങിയത്.  പണം നല്‍കിയതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കളിപ്പിക്കപെട്ട വിവരം പെൺകുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞത്. 

പിന്നാലെ ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തില്‍ വിവാഹ നിശ്ചയത്തിന് വരന്‍റെ ബന്ധുക്കളായി എത്തിയവരെല്ലാം അക്ഷയ് ദിവസക്കൂലിക്ക് കൊണ്ടുവന്നതായിരുന്നു. അന്വേഷണത്തില്‍ അക്ഷയ്, അജിയടക്കമുള്ളവർ കേരളത്തിലെ വിവിധ ജില്ലകളിലായി 15-ലധികം വിസതട്ടിപ്പ് കേസുകളിലായി 2.5 കോടിയോളം രൂപ പലരില്‍ നിന്നായി തട്ടിയവരാണെന്നും പൊലീസ് കണ്ടെത്തി. 

പഠനത്തിനായി യൂറോപ്പിലെത്തിയ അക്ഷയ് വിവിധ രാജ്യങ്ങളിലേക്ക് ആളുകൾക്ക് വീസ സംഘടിക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പുകൾ നടത്തിയിരുന്നത്. കൊടുങ്ങല്ലൂർ, കൊല്ലം ക്രൈം ബ്രാഞ്ച്, കൊരട്ടി, വണ്ടൂർ, കോഴിക്കോട് നല്ലളം, പാലക്കാട്‌ വടക്കഞ്ചേരി, പാണ്ടിക്കാട്, കണ്ണൂർ , കോട്ടയം കിടങ്ങൂർ എന്നിവിടങ്ങളിൽ വിസ തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. 

Related News