മുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ പണം തികഞ്ഞില്ല; പട്ടാപ്പകല്‍ ജ്വല്ലറിയില്‍ നിന്ന് പണം മോഷ്ടിച്ചത് സ്കൂള്‍ വിദ്യാര്‍ത്ഥിനി

  • 11/03/2022

തിരുവനന്തപുരം: സ്‌കൂള്‍ യൂണിഫോമില്‍ നെയ്യാറ്റിന്‍കരയിലെ ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ മോഷണം നടത്തിയത് വിദ്യാര്‍ത്ഥിനിയെന്ന് കണ്ടെത്തി. 25000 രൂപയാണ് ഈ വിദ്യാര്‍ത്ഥിനി കവര്‍ന്നത്. പോലീസ് സ്റ്റേഷനില്‍ എത്തിച്ച വിദ്യാര്‍ത്ഥിനിയെ രക്ഷിതാകള്‍ക്കൊപ്പം വിട്ടയച്ചു. വിദ്യാര്‍ത്ഥിനി മോഷ്ടിച്ച പണം മടക്കി നല്‍കാമെന്ന് രക്ഷിതാക്കള്‍ അറിയിച്ചതോടെ ജ്വല്ലറി ഉടമയും പരാതി നല്‍കിയില്ല. 

നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡ് ജംഗ്ഷന് സമീപം വെള്ളി ആഭരണങ്ങള്‍ വില്‍ക്കുന്ന ജ്വല്ലറിയില്‍ ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തീരദേശത്തെ ഒരു സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം യൂണിഫോം ആണ് മോഷണം നടത്തുമ്പോള്‍ വിദ്യാര്‍ഥിനി ധരിച്ചിരുന്നത് എന്ന് മനസ്സിലാക്കിയ പൊലീസ് ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. സമീപത്തെ ബ്യൂട്ടി പാര്‍ലറില്‍ നിന്നും സമീപത്തെ മൊബൈല്‍ ഷോപ്പില്‍ നിന്നും മുഖം വ്യക്തമാകുന്ന ചിത്രങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇതും ആളെ കണ്ടെത്താന്‍ സഹായിച്ചു.

കഴിഞ്ഞ ദിവസം രാവിലെ പല്ലുവേദന ആണെന്ന് പറഞ്ഞാണ് ഈ പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും പുറത്തിറങ്ങുന്നത്. നെയ്യാറ്റിന്‍കരയില്‍ എത്തിയ പെണ്‍കുട്ടി ബ്യൂട്ടി പാര്‍ലറില്‍ പോയി തലമുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ബ്യൂട്ടീഷന്‍ ആവശ്യപ്പെട്ട തുക കൈവശം ഇല്ലാതിരുന്ന വിദ്യാര്‍ഥിനി 20 മിനുട്ടിനുള്ളില്‍ തിരികെയെത്തി മുടി സ്‌ട്രെയ്റ്റ് ചെയ്തു മടങ്ങി. ഇതിനിടെയാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് കരുതുന്നു. 

അവിടെ നിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടി സമീപത്തെ മൊബൈല്‍ ഷോപ്പുകളിലെത്തി 1000 രൂപ കടമായി ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കിയില്ല. പിന്നീട് ജ്വല്ലറിയില്‍ എത്തുകയായിരുന്നു. ജ്വല്ലറിയിലെ 2 പേരില്‍ ഒരാള്‍ ബാങ്കില്‍ പോയിരുന്നു. മറ്റെയാള്‍ ജ്വല്ലറിയിലും ഉണ്ടായിരുന്നു. പക്ഷേ, മരുന്നു കഴിച്ചതിനെ തുടര്‍ന്നു മയങ്ങിപ്പോയി. ആ തക്കത്തിനായിരുന്നു കവര്‍ച്ച. തിരികെ ബ്യൂട്ടിപാര്‍ലറില്‍ എത്തി മുടി സ്‌ട്രെയ്റ്റ് ചെയ്ത് വിദ്യാര്‍ത്ഥിനി മടങ്ങുകയും ചെയ്തു. മോഷണ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

Related News