സമാന്തയുടെ കരിയര്‍ ഗ്രാഫില്‍ വന്‍ കുതിപ്പ്, ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നായികയായി താരം

  • 11/03/2022

തെന്നിന്ത്യന്‍ സിനിമ ലോകത്ത് വലിയ ആരാധക സമ്പത്തുള്ള നായികയാണ് സമാന്ത റൂത്ത് പ്രഭു. ഫാമിലി മാന്‍ 2, പുഷ്പ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം തെന്നിന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നായികയായി സമാന്ത മാറിയിരിക്കുകയാണ്. നയന്‍താരയാണ് ഒന്നാം സ്ഥാനത്ത്. നയന്‍താരയ്ക്ക് തൊട്ടുപിന്നാലെ എത്തിയിരിക്കുകയാണ് സാമന്ത. ഒരു സിനിമയ്ക്ക് സാമന്ത അഞ്ച് കോടിയോളം രൂപയാണ് പ്രതിഫലമായി വാങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഫാമിലി മാന്‍ 2, പുഷ്പ എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് സമാന്തയുടെ ഉയര്‍ച്ച. 

മനോജ് ബാജ്‌പേയി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഫാമിലി മാന്‍ 2 വെബ് സീരിസിലെ രാജലക്ഷ്മി ശേഖരന്‍ എന്ന കഥാപാത്രത്തിലൂടെ സാമന്ത ഇന്ത്യയൊട്ടാകെ ജനപ്രീതിയാര്‍ജിച്ചു. സുകുമാര്‍ സംവിധാനം പുഷ്പയില്‍ ഒരു ഗാനരംഗത്തില്‍ മാത്രമാണ് സാമന്ത അഭിനയിച്ചത്. ചിത്രം വന്‍വിജയമായതോടൊപ്പം തന്നെ സാമന്തയും അല്ലു അര്‍ജുനും വേഷമിട്ട ഗാനരംഗം സൂപ്പര്‍ഹിറ്റായി. നാല് മിനിറ്റോളം ദൈര്‍ഘ്യമുള്ള ഈ ഗാനരംഗത്തിന് അഞ്ച് കോടിയോളമായിരുന്നു സമാന്തയുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് സമാന്ത തന്റെ കരിയര്‍ തുടങ്ങിയിട്ട് 12 വര്‍ഷം പിന്നിട്ട വിവരം ആരാധകരെ അറിയിച്ചിരുന്നു. ഏകദേശം 40 ചിത്രങ്ങളിലാണ് ഈ കാലയളവില്‍ താരം വേഷമിട്ടത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈത്താണ്ടി വരുവായ എന്ന തമിഴ്ചിത്രത്തിലൂടെ 2010 ലാണ് സാമന്ത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഈഗ, കത്തി, തെരി, മെര്‍സല്‍, രംഗസ്ഥലം, 24, തങ്കമകന്‍, സണ്‍ ഓഫ് സത്യമൂര്‍ത്തി, മാജി, ഓ ബേബി, സൂപ്പര്‍ ഡിലക്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. അതിനിടെ കരിയറില്‍ ഉയര്‍ച്ചകളും താഴ്ചകളുമുണ്ടായിരുന്നുവെങ്കിലും സാമന്ത അഭിനയത്തില്‍ സജീവമായി തുടര്‍ന്നു. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കാത്തുവാക്കുല രണ്ടു കാതല്‍, ശാകുന്തളം, യശോദ എന്നിവയാണ് സാമന്തയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍. 

Related News