യുവമോര്‍ച്ച നേതാവ് കുത്തേറ്റ് മരിച്ച സംഭവം; രാഷ്ട്രീയമില്ലെന്ന് പോലീസ്

  • 12/03/2022

പാലക്കാട്: പാലക്കാട് തരൂരില്‍  കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞ യുവമോര്‍ച്ച നേതാവ് മരിച്ച സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പോലീസ്.  യുവമോര്‍ച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുണ്‍കുമാറാണ് മരിച്ചത്. കേസിലെ ആറുപ്രതികളെ പോലീസ് പിടികൂടി. കൊലപാതകത്തിന് പിന്നില്‍ സിപിഎം,, ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചിരുന്നു.

സമുദായ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷം കൊലപാതകത്തിൽ കലാശിച്ചെന്നാണ് പാലക്കാട് എസ്പി ആര്‍. വിശ്വനാഥ് അറിയിച്ചത്. ഇതിൽ ഗൂഢാലോചനയില്ല. പെട്ടന്നുള്ള പ്രകോപനമാണ് കൊലപാതക കാരണമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 2ന് വൈകിട്ട് പഴമ്പാലക്കോട് വടക്കേപാവടി മാരിയമ്മൻ ക്ഷേത്രത്തിലെ പൊങ്കൽ ഉത്സവത്തോടനുബന്ധിച്ചു സത്യകുംഭം പുഴയിൽ ഒഴുക്കാൻ പോകുന്നതിനിടെയായിരുന്നു സംഘർഷം ഉണ്ടായത്. 

രണ്ടു വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായപ്പോൾ പൊലീസ് ഇടപെട്ടു ലാത്തി വീശി ഇവരെ പറഞ്ഞുവിട്ടു. പിന്നീട് ചടങ്ങുകൾക്കു ശേഷം മടങ്ങുമ്പോഴാണു വീണ്ടും സംഘർഷമുണ്ടായതും അരുൺകുമാറിന് കുത്തേറ്റതും. ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതം മൂലം ഇന്നലെ വൈകിട്ട് മരിച്ചു.

അയല്‍വാസികളും ബന്ധുക്കളുമായ കൃഷ്ണദാസ്, ജയേഷ്,സന്തോഷ്, മണികണ്ഠന്, രമേശ്, മിഥുന്‍, നിഥിന്‍ എന്നിവരാണ് പ്രതികള്‍. നെഞ്ചിന് കുത്തേറ്റ അരുണ്‍ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രതികളിലൊരാളായ മിഥുന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്. അരുണ്‍ കുമാറിനെ കൊലപ്പെടുത്തിയത് സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. ഇന്ന് ആലത്തൂര്‍ താലൂക്കിലും പെരിങ്ങോട്ട് കുറിശ്ശി, കോട്ടായി പഞ്ചായത്തിലും ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Related News