'അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകള്‍'; കെ സി വേണുഗോപാലിനെതിരെ കണ്ണൂരിൽ പോസ്റ്റർ

  • 12/03/2022

കണ്ണൂര്‍: സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ കണ്ണൂരില്‍ പലയിടങ്ങളിലും പോസ്റ്റര്‍. ശ്രീകണ്ഠാപുരം, എരിവേശി തുടങ്ങിയ ഇടങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.  അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകളെന്നാണ് പോസ്റ്ററിലെ വാചകം. പെട്ടി തൂക്കി വേണുഗോപാൽ ഒഴിവാകൂ എന്നും പോസ്റ്ററില്‍ വിമര്‍ശനമുണ്ട്. 

സേവ് കോൺഗ്രസ്' എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസിന്റേത് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വേണുഗോപാലിന്റെ അടുത്ത അനുയായി ആയ ഇരിക്കൂര്‍ എം.എല്‍.എ. സജീവ്  ജോസഫിന്റെ ഓഫീസ് പരിസരത്തും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിന്റെ ചുമരിലുമാണ് പ്രധാനമായും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കൂടാതെ ചെമ്പേരി, പയ്യാവൂര്‍ തുടങ്ങിയിടങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയാണ് പോസ്റ്ററുകള്‍ കണ്ടത്.

അതേസമയം തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യം ശക്തമാക്കിയിരിക്കുകയാണ് 'ഗ്രൂപ്പ് 23 നേതാക്കള്‍'. ഗാന്ധി കുടംബം മുന്‍പോട്ട് വയക്കുന്ന ഒരു ഫോര്‍മുലയും അംഗീകരിക്കേണ്ടെന്നും ദില്ലിയില്‍ ഗുലാം നബി ആസാദിന്‍റെ  വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ തീരുമാനിച്ചു. ഇക്കഴിഞ്ഞ തെര‍ഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പോലും ഏകപക്ഷീയമായിരുന്നു. തോല്‍വിക്ക് പ്രധാനകാരണമായി നേതാക്കള്‍ വിലയിരുത്തി.

Related News