ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന സംഭവം; മുത്തശ്ശിക്കും കുട്ടിയുടെ അച്ഛനുമെതിരെ കേസ്

  • 12/03/2022

കൊച്ചി:  കൊച്ചിയില്‍ ഒന്നരവയസ്സുകാരിയെ മുക്കിക്കൊന്ന സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ സജീവനെതിരെയും മുത്തശ്ശി സിപ്സിക്ക് എതിരെയും പൊലീസ് കേസെടുത്തു. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് ബാലനീതി നിയമപ്രകാരം ഇരുവര്‍ക്കും എതിരെ കേസെടുത്തത്. രണ്ടുപേരെയും ഉടന്‍ അറസ്റ്റ് ചെയ്യും. 

കുട്ടിയുടെ സംരക്ഷണം മുത്തശ്ശിയുടെ കൈകളിൽ എങ്ങനെ എത്തിയെന്നതിനെക്കുറിച്ചും നോർത്ത് പോലീസ് വിശദമായി അന്വേഷിക്കും. കൊലപാതകത്തിൽ സിപ്സിക്ക് പങ്കില്ലെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ, ഇവരുടെ പേരിൽ വിവിധ ജില്ലകളിൽ മോഷണം മുതൽ കഞ്ചാവ് കേസുകൾ വരെയുണ്ടെന്ന് പോലീസ് കണ്ടെത്തി. സിപ്സി മക്കളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് മറയാക്കിയിരുന്നതായി കൊല്ലപ്പെട്ട നോറ മരിയയുടെ അമ്മ ഡിക്സി ആരോപിച്ചതും പോലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. 

പൊലീസ് പറഞ്ഞപ്പോഴാണ് തന്‍റെ സുഹൃത്ത് ബിനോയ് കുട്ടിയെ ബക്കറ്റിൽ മുക്കിക്കൊന്നത് അറിഞ്ഞതെന്നും തന്നോടുള്ള വിരോധത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും സിപ്സി പറഞ്ഞിരുന്നു. കുട്ടി ഛർദ്ദിച്ചെന്ന് പറഞ്ഞ് പുലർച്ചെ ബിനോയ് വിളിച്ചിരുന്നു. കൊന്നതാണെന്ന് പൊലീസ് പറഞ്ഞാണറിഞ്ഞത്. എട്ടുകൊല്ലമായി ജോൺ ബിനോയ് ഡിക്രൂസ് തന്‍റെ സൂഹൃത്താണ്. മകൻ സജീവന്‍റെ കുട്ടികളുമായി കൊച്ചിയിൽ പലയിടത്തും മുറിയെടുത്ത് താമസിച്ചിരുന്നു. അപ്പോഴൊക്കെ ജോൺ ആണ് കുട്ടികളെ നോക്കിയിരുന്നതെന്നുമാണ് സിപ്സി പറഞ്ഞത്.

കുട്ടിയെ കൊന്നതിന് അറസ്റ്റിലായ ജോൺ ബിനോയ് ഡിക്രൂസിനെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് ഉടനെ കോടതിയിൽ അപേക്ഷ നൽകും. സിപ്സിയുടെ കാമുകനായ ജോൺ ബിനോയ് ഡിക്രൂസ് റിമാൻഡിലാണ്. 

Related News