നാട്ടില്‍ പൂട്ടിയിട്ട വീട്ടില്‍ കള്ളന്‍ കയറി; അമേരിക്കയിലിരുന്ന് 'പിടികൂടി' ഉടമസ്ഥന്‍

  • 12/03/2022

ഹൈദരാബാദ്:  നാട്ടില്‍ പൂട്ടിയിട്ട വീട്ടില്‍ കയറിയ മോഷ്ടാവിനെ  യുഎസ്സിലിരുന്ന് വീട്ടുടമസ്ഥന്‍ പിടികൂടി.  വീട്ടില്‍ സ്ഥാപിച്ച അത്യാധുനിക സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് ഹൗസിങ് കോളനിയിലെ വീട്ടില്‍ കയറിയ കള്ളനെ പിടികൂടിയത്. ഇതിന‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അടച്ചിട്ട വീടുകളില്‍ മാത്രം കവര്‍ച്ച നടത്തി കുപ്രസിദ്ധനമായ ടി.രാമകൃഷ്ണന്‍ എന്ന കള്ളനാണ് അറസ്റ്റിലായത്. 

ബുധനാഴ്ച പുലര്‍ച്ചെ ഹൈദരാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിൽപ്പെട്ട കുക്കാട്ടുപള്ളി ഹൗസിങ് ബോര്‍ഡ് കോളനിയിലെ പൂട്ടിയിട്ട വീട്ടിലാണ് കള്ളന്‍ മോഷണത്തിന് കയറിയത്. ജോലിയുടെ ആവശ്യത്തിനായി അമേരിക്കയില്‍ കഴിയുന്ന ഉടമ വീടിനു ചുറ്റും ആളുകളുടെ സാന്നിധ്യമുണ്ടായാല്‍ അലര്‍ട്ട് നല്‍കുന്ന അത്യാധുനിക സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഇതിലെ ദൃശ്യങ്ങള്‍ തന്റെ മൊബൈല്‍ഫോണില്‍ കാണാനുള്ള സംവിധാനവും ഒരുക്കി.

 കള്ളന്‍ വീടിന്റെ പൂട്ടുപൊളിച്ച് അകത്തു കയറി വാതിലടച്ച് ഉള്ളില്‍നിന്നു കുറ്റിയിട്ടു. പെട്ടെന്ന് ആരെങ്കിലുമെത്തിയാല്‍ വീട്ടുകാര്‍ ഉറങ്ങുകയാണെന്നേ തോന്നൂ. പക്ഷേ ക്യാമറ വഴി വീട്ടുടമസ്ഥന്‍ ഈ ദൃശ്യങ്ങള്‍ കണ്ടു. തുടര്‍ന്ന് ഉടമ നേരെ പൊലീസിനെയും അയല്‍വാസികളെയും വിവരമറിയിച്ചു. ഹൈദരാബാദ് സ്റ്റേഷനിലെ ഇന്‍വെസ്റ്റിഗേറ്റീവ് ഇന്‍‍സ്പെക്ടറും രണ്ടു കോണ്‍സ്റ്റബിൾമാരും വീട്ടിലെത്തി കതകില്‍ മുട്ടി. പക്ഷേ ആരും വാതിൽ തുറന്നില്ല. 

പിന്നീട് ഇന്‍സ്പെക്ടര്‍ ജനല്‍വഴി അകത്തു കയറി പരിശോധിച്ചു. വീട്ടിലെ അലമാരകളും മേശകളും തുറന്നു പണവും ആഭരണങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും എടുത്തുകൊണ്ടുപോകാനായി ഒരുക്കിവച്ചതായി കണ്ടെത്തി. വിശദമായ പരിശോധനയില്‍ കിടപ്പുമുറിക്കകത്ത് കള്ളനുണ്ടെന്നു മനസ്സിലായി. കീഴടങ്ങിയില്ലെങ്കില്‍ വെടിവച്ചിടുമെന്ന മുന്നറിയിപ്പെത്തിയതോടെ കട്ടിലിന്റെ അടിയില്‍ ഒളിച്ചിരുന്ന കള്ളന്‍ പുറത്തിറങ്ങുകയായിരുന്നു.

Related News