ബസ് ചാർജ് വർധിപ്പിക്കണം; നിരക്ക് വർധിപ്പിച്ചില്ലെങ്കില്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

  • 12/03/2022

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാമെന്ന് സമ്മതിച്ച സര്‍ക്കാര്‍, നാല് മാസമായിട്ടും അത് നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 30 മുതല്‍ അനിശ്ചിതകാല സമരമാണ് നടത്തുക.

മിനിമം ചാര്‍ജ് 12 രൂപയാക്കണം, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് കൂട്ടണം തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ക്കുള്ളത്. നിരക്ക് ഉയര്‍ത്തുന്ന കാര്യം ബജറ്റിലും ഉള്‍പ്പെടുത്തിയില്ല. അതേസമയം, മിനിമം ബസ്ചാര്‍ജ് 10 രൂപയാക്കണമെന്നുള്ള ഗതാഗത മന്ത്രാലയത്തിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. നിലവില്‍ 2.5 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനുള്ള മിനിമം നിരക്ക് എട്ട് രൂപയാണ്.

മിനിമം ചാർജ് പന്ത്രണ്ട് രൂപയായി ഉടൻ പ്രഖ്യാപിക്കണമെന്നും വിദ്യാർത്ഥികളുടെ ബസ് യാത്രാനിരക്ക് കൂട്ടണമെന്നും സ്വകാര്യ ബസ്സുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ആവശ്യപ്പെടുന്നു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് നിലവിലുള്ള ഒരു രൂപയിൽ നിന്ന് മിനിമം ആറ് രൂപയാക്കണമെന്നാണ് ആവശ്യം. നിരക്ക് കൂട്ടാമെന്നേറ്റ സർക്കാർ നാല് മാസമായിട്ടും വാക്ക് പാലിച്ചില്ല.

 രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയില്ല. ബജറ്റിലും ഒരു പരിഗണനയുമില്ലെന്നും അവർ ആരോപിക്കുന്നു. രണ്ടോ മൂന്നോ ദിവസത്തിനകം മറ്റ് സംഘടനകളുമായി ആലോചിച്ച് സമരം തുടങ്ങാനുള്ള തീയതി പ്രഖ്യാപിക്കുമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കുന്നത്. ബജറ്റിലെ അവഗണനയിൽ ശക്തമായ പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നേരത്തേ രംഗത്തെത്തിയിരുന്നു. 

Related News