10 മന്ത്രിമാരെ തീരുമാനിച്ച് ആപ്പ്; 3 പേര്‍ വനിതകള്‍, ബുധനാഴ്ച്ച ഭഗവന്ത് മന്‍ മാത്രം സത്യപ്രതിജ്ഞ ചെയ്യും

  • 13/03/2022

അമൃത്സര്‍: പഞ്ചാബില്‍ ഈ മാസം 16  ന് സത്യപ്രതിജ്ഞ ചെയ്യുക ഭഗവന്ത് മന്‍ മാത്രം. പതിനാറ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. പഞ്ചാബ് മന്ത്രിസഭയിലെ പത്ത് മന്ത്രിമാരുടെ പേരുകളിൽ തീരുമാനമായിട്ടുണ്ട്.


ഹർപാൽ സിങ് ചീമ, അമൻ  അറോറ, മേത്ത് ഹയർ, ജീവൻ ജ്യോത് കൗർ, കുല്‍താര്‍ സന്ദ്വാന്‍, ഛരൺജിത്ത്, കുൽവന്ദ് സിങ്ങ്, അൻമോൾ ഗഗൻ മാൻ, സർവ്ജിത്ത് കൗർ, ബാല്‍ജിന്ദര്‍ കൌര്‍ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. മൂന്ന് വനിതകൾ ആദ്യ പട്ടികയിലുണ്ട്. പഞ്ചാബ് തെരഞ്ഞെടുപ്പിൽ വമ്പന്‍ വിജയം നേടിയതിൻ്റെ ഭാഗമായുള്ള എ എ പി യുടെ വിജയറാലി അമൃത്സറില്‍ നടക്കുകയാണ്. ആഘോഷ പരിപാടികള്‍ക്കായി പഞ്ചാബിലെത്തിയ അരവിന്ദ് കെജ്രിവള്‍ ഭഗവന്ത് മന്നിനൊപ്പം റാലിയില്‍ പങ്കെടുക്കുന്നുണ്ട്.

സമൂഹത്തിലെ സമസ്ത മേഖലകളിൽപ്പെട്ടവരുടെ പ്രാതിനിധ്യം കൊണ്ട് സമ്പന്നമാണ് പഞ്ചാബിലെ ആംആദ്മി പാർട്ടിയുടെ എംഎൽഎ സംഘം. പഞ്ചാബിലെ ആപ്പ് തരംഗത്തിൽ ജയിച്ച് കയറിയത് 92 പേരാണ്. ഇതിൽ 82 പേർ പുതുമുഖങ്ങൾ, 11 വനിതകൾ. എംഎൽമാരിൽ 25 പേരിലധികം കർഷകരാണ്, 12 പേർ ഡോക്ടർമാർ, രണ്ട് ഗായകർ, 5 അഭിഭാഷകർ, വിവരാവകാശ പ്രവർത്തകർ മുൻ പൊലീസ് ഉദ്യോഗസ്ഥർ ഇങ്ങനെ നീളുന്നു പട്ടിക. ഡോക്ടർമാരിൽ മിന്നും വിജയം നേടിയത് മോഗയിൽ നിന്ന് ജയിച്ചു കയറിയ അമൻദീപ് കൌറാണ്.

നടൻ സോനു സൂദിന്‍റെ സഹോദരി മാളവിക സൂദിനെയാണ് കൌർ പരാജയപ്പെടുത്തിയത്. വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് അമന്‍ദീപ് കൗര്‍ പറഞ്ഞു. രാജ്യത്തെ നിയമസഭയിൽ തന്നെ കൂടുതൽ ഡോക്ടർമാരുള്ളത് ഇപ്പോൾ പഞ്ചാബ് നിയമസഭയിലാണ്. കൂട്ടത്തിൽ ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരാണ് അമാൻദീപ് കൌറിന്‍റേത്. ഈ വൈവിധ്യം മന്ത്രിസഭയിലുമെത്തുമ്പോള്‍ ഭരണ നൈപുണ്യത്തിന്‍റെ പുതു ചരിത്രമാകും പഞ്ചാബില്‍ ആംആദ്മി രചിക്കുക.

Related News