ദില്ലിയിൽ യോഗി - മോദി ചർച്ച തുടരുന്നു; പുതുമുഖങ്ങളെ ഉൾപ്പെടുത്താണമോയെന്നതിൽ തീരുമാനം

  • 13/03/2022

ദില്ലി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ദില്ലിയിൽ ചർച്ച നടത്തുന്നു. ഉത്തർപ്രദേശിലെ സർക്കാർ രൂപികരണ ചർച്ചകളുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച. ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ, അമിത് ഷാ എന്നിവരുമായി യോഗി ഇന്ന് ചർച്ച നടത്തും. അതേസമയം ഉത്തരാഖണ്ഡിൽ ആര് മുഖ്യമന്ത്രിയാകുമെന്നതിൽ ഒരാഴ്ചക്കുള്ളിൽ ബിജെപി കേന്ദ്രനേതൃത്വം തീരുമാനമെടുക്കും. 


ഒന്നാം സർക്കാരിലെ ആരെയൊക്കെ നിലനിർത്തണം ഏതൊക്കെ പുതുമുഖങ്ങളെ ഉൾപ്പെടുത്തണമെന്നതിലാണ് പ്രധാന ചർച്ച. ദളിത് പിന്നോക്ക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ജാതി വിഭാഗങ്ങളുടെ പ്രാതിനിധ്യം കൃത്യമായി ഉറപ്പാക്കിയേ മന്ത്രി സ്ഥാനങ്ങളിൽ തീരുമാനമെടുക്കാനാകൂ. നിലവിൽ പത്ത് മന്ത്രിമാർ തെരഞ്ഞെടുപ്പിൽ തോറ്റിട്ടുണ്ട് ആ സ്ഥാനങ്ങളിലേക്ക് പുതിയ ആളുകൾ എത്തിയേക്കും. തോറ്റ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്ക് പകരം ആര് എന്നതും തീരുമാനിക്കേണ്ടതുണ്ട്. 

ബിജെപി അധ്യക്ഷൻ സ്വതന്ത്രദേവ് , ബേബി റാണി മൗര്യ, ബ്രിജേഷ് പാഠക്, എന്നിവരുടെ പേരുകളാണ് നിലവിൽ പരിഗണനയിൽ ഉള്ളത്. ഒബിസി മുഖമായ കേശവ് പ്രസാദിന് ഒരു വട്ടം കൂടി അവസരം നൽകുമോ അതോ ദേശീയ തലത്തിലേക്ക് നിയോഗിക്കുമോയെന്നതും കണ്ടറിയണം. കുർമി വിഭാഗത്തിൽ നിന്നാണ് സ്വതന്ദ്രദേവ്, ബിഎസ്പിയുടെ വോട്ട് ബാങ്കായ ജാഠവ് വിഭാഗക്കാരിയാണ് ബേബി റാണി മൗര്യ, ബ്രാഹ്മിൺ വിഭാഗക്കാരനാണ് ബ്രിജേഷ് പാഠക്. നോയിഡയിൽ നിന്ന് വീണ്ടും വൻ വിജയം നേടിയ കേന്ദ്രമന്ത്രി രാജ്നാഥ് സിങിൻറെ മകൻ പങ്കജ് സിങിനെയും നേതൃത്വത്തിന് പരിഗണിക്കേണ്ടതുണ്ട്. അതേസമയം, ഉത്തരാഖണ്ഡിൽ ആറ് പേരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ച‍ർച്ചയാകുന്നത്. ഇക്കാര്യത്തിൽ ഒരാഴ്ചക്കുള്ളിൽ ദേശീയ നേതൃത്വം തീരുമാനമെടുക്കും. മണിപ്പൂരിൽ ബിരേൻസിങ് തന്നെ മുഖ്യമന്ത്രിയായി തുടരും എന്നുറപ്പായിട്ടുണ്ട്. മന്ത്രിസഭാ രൂപികരണ ചർച്ചകൾ ഉടൻ ആരംഭിക്കും.

Related News