ഗോവയെച്ചൊല്ലി ബിജെപിയിൽ വൻ തർക്കം, പരിഹാരത്തിന് കേന്ദ്ര നേതൃത്വം വരുന്നു

  • 14/03/2022

പനജി: ഗോവയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തർക്കം പരിഹിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നിയോഗിച്ച നിരീക്ഷകർ ഇന്നെത്തും. കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ബി എൽ സന്തോഷുമാണ് നിരീക്ഷകർ. സംസ്ഥാന നേതൃത്വത്തിനകത്ത് സമവായം ഉണ്ടാക്കിയ ശേഷം എംഎൽഎമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി ആരെന്ന് ഉടൻ പ്രഖ്യാപിക്കും. വിശ്വജിത്ത് റാണെയുടെ പേരും ചർച്ചയിലുണ്ടെങ്കിലും നിലവിലെ മുഖ്യമന്ത്രിയായ പ്രമോദ് സാവന്ദിന് തന്നെയാണ് മുഖ്യമന്ത്രിയാകാൻ സാധ്യത കൂടുതൽ.

അതേസമയം, വൻ വിജയം നേടിയ ഉത്തർപ്രദേശിൽ ബിജെപി ഭാവി ചർച്ചകളിലേക്ക് കടന്നു. ചരിത്ര വിജയത്തിൽ യോഗി ആദിത്യനാഥിനെ നരേന്ദ്ര മോദി അഭിനന്ദിച്ചു. കഴിഞ്ഞ അഞ്ചു വർഷം  ജനങ്ങൾക്കായി യോഗി അക്ഷീണം പ്രയ്തനിച്ചെന്നും അടുത്ത അഞ്ച് വർഷവും വികസനത്തിനായി യോഗി പ്രവർത്തിക്കുമെന്നും മോദി പറഞ്ഞു.

ദില്ലിയിൽ ഇരുവരും തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പ്രധാനമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിച്ചത്. ഉത്തർപ്രദേശ് സർക്കാർ രൂപികരണ ചർച്ചകൾക്കായാണ് യോഗി ആദിത്യനാഥ് ദില്ലിയിലെത്തിയത്. ഒന്നാം സർക്കാരിലെ ആരെയൊക്കെ നിലനിർത്തണം  ഏതൊക്കെ പുതുമുഖങ്ങളെ ഉൾപ്പെടുത്തണം എന്നതിലാണ് പ്രധാന ചർച്ച. ദളിത് പിന്നോക്ക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ജാതി വിഭാഗങ്ങളുടെ പ്രാതിനിധ്യം കൃത്യമായി ഉറപ്പാക്കിയേ മന്ത്രി സ്ഥാനങ്ങളിൽ തീരുമാനമെടുക്കാനാകൂ. നിലവിൽ പത്ത് മന്ത്രിമാർ തെരഞ്ഞെടുപ്പിൽ തോറ്റിട്ടുണ്ട്. ആ സ്ഥാനങ്ങളിലേക്ക് പുതിയ ആളുകൾ എത്തിയേക്കും. തോറ്റ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്ക് പകരം ആര് എന്നതും തീരുമാനിക്കേണ്ടതുണ്ട്.

Related News