ഭഗോരിയ ഉത്സവത്തിനിടെ പട്ടാപ്പകൽ പെൺകുട്ടിക്കും സ്ത്രീയ്ക്കും എതിരെ ലൈംഗികാതിക്രമം; 15 പേർ പിടിയിൽ

  • 14/03/2022

മധ്യപ്രദേശിലെ ഭഗോരിയ ഉത്സവത്തിനിടെ പെണ്കുട്ടിയേയും ഒപ്പമുണ്ടായിരുന്ന മുതിർന്ന സ്ത്രീയെയും പീഡിപ്പിച്ച സംഭവത്തിൽ 15 പേരെ അറസ്റ്റ് ചെയ്തു. പ്രദക്ഷിണം പോവുന്ന വഴിയരികിൽ നിന്ന പെൺകുട്ടിയേയും സ്ത്രീയേയുമാണ് പട്ടാപ്പകൽ അപമാനിച്ചത്. പ്രദക്ഷിണത്തിൽ പങ്കെടുത്തിരുന്ന യുവാക്കൾ ഇവരെ കടന്നുപിടിക്കുകയും ചുംബിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്യുകയായിരുന്നു.

ആൾക്കൂട്ടത്തിന് മുൻപിൽ വച്ച് അതിക്രമം നടന്നിട്ടും സ്ത്രീകളെ രക്ഷിക്കാൻ ആരും ശ്രമിച്ചില്ല, പകരം മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുനുള്ള തിക്കും തിരക്കും സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ ദൃശ്യമാണ്. മധ്യപ്രദേശിലെ ഏറ്റവും വലുതും പ്രശ്‌സ്തവുമായ ഉത്സവമാണ് ഭഗോരിയ. 

വെള്ളിയാഴ്ചയാണ് ഇവിടെ ഉത്സവം ആരംഭിച്ചത്. കനത്ത പൊലീസ് സുരക്ഷയ്ക്കിടയിലും സ്ത്രീകൾക്കെതിരെ നടന്ന അതിക്രമത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നതോടെയാണ് പൊലീസ് സംഭവത്തിൽ കേസ് എടുത്തത്.

ആദിവാസി സ്ത്രീകൾക്കെതിരെയാണ് അതിക്രമം നടന്നത്.  ഭിലാല ആദിവാസി വിഭാഗത്തിൽപ്പെട്ടവർ തിങ്ങിപ്പാർക്കുന്ന മധ്യപ്രദേശിലെ അലിരാജ്പൂർ മേഖലയിലാണ് പട്ടാപ്പകൽ ആദിവാസി പെൺകുട്ടിക്കും സ്ത്രീക്കും അതിക്രമം നേരിടേണ്ടി വന്നത്. പെൺകുട്ടിയെ നേരിട്ട് അക്രമിച്ചവരിൽ അഞ്ച് പേർ പിടിയിലായവരിൽ ഉൾപ്പെടുന്നുണ്ട്. ശനിയാഴ്ച വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ തന്നെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായാണ് പൊലീസ് വിശദമാക്കുന്നത്.

Related News