നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കണം, കേന്ദ്രം വാക്കാൽ പിന്തുണച്ചു; രേഖാമൂലം അറിയിക്കണമെന്ന് ദില്ലി ഹൈക്കോടതി

  • 14/03/2022

ദില്ലി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയക്കായുള്ള ഹർജിയിൽ കേന്ദ്രം നിലപാടറിയിക്കണം. ദില്ലി ഹൈക്കോടതിയുടേതാണ് ഉത്തരവ്. ജസ്റ്റിസ് കാമേശ്വർ റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദ്ദേശം. വധശിക്ഷ ഒഴിവാക്കാനുള്ള നീക്കത്തെ കേന്ദ്രസർക്കാർ വാക്കാൽ പിന്തുണച്ചു, ഔദ്യോഗികമായ നിലപാട് നാളെ അറിയിക്കാമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. 

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട്  സ്വദേശി നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലാണ്  ദില്ലി ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. നയതന്ത്രതലത്തിൽ ഇടപെടാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് യെമൻ പൌരൻ തലാൽ അബ്ദുമഹ്ദിയെ  കൊലപ്പെടുത്തിയ കേസിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ  വധശിക്ഷ ശരിവച്ചത്. സനായിലെ അപ്പീൽ കോടതിയാണ് വധശിക്ഷ ശരിവെച്ചത്. വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെയാണ് നിമിഷ പ്രിയ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ അപ്പീൽ കോടതിയെ സമീപിച്ചു. കേസിലെ വാദം കഴിഞ്ഞ ജനുവരിയിൽ പൂർത്തിയായിരുന്നു. സ്ത്രീയെന്ന പരിഗണന നൽകി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയിൽ  നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു നിമിഷ പ്രിയയുടെ ആവശ്യം. എന്നാൽ യുവതിയുടെ വധശിക്ഷ കോടതി ശരിവെക്കുകയായിരുന്നു.

Related News