റസ്‌റ്ററന്‍റിലെ ഭക്ഷണത്തിന് 40 പൈസ അധികം വാങ്ങി; പരാതിക്കാരനോട് 4,000 രൂപ പിഴയടക്കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി

  • 14/03/2022

ബംഗളൂരു: റസ്‌റ്ററന്‍റില്‍നിന്നു വാങ്ങിയ ഭക്ഷണസാധനത്തിന് 40 പൈസ അധികം വാങ്ങിയെന്നാരോപിച്ച്‌ ഹരജി നല്‍കി കോടതിയുടെ സമയം പാഴാക്കിയതിന് പരാതിക്കാരനോട് 4,000 രൂപ പിഴയടക്കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി.


പ്രശസ്തിക്കുവേണ്ടി അനാവശ്യമായി പരാതി നല്‍കി കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയെന്ന് വ്യക്തമാക്കിയാണ് ബംഗളൂരു സ്വദേശിയായ മൂര്‍ത്തിക്ക് പിഴ വിധിച്ചത്. 2021 മേയ് 21ന് മൂര്‍ത്തി സെന്‍ട്രല്‍ സ്ട്രീറ്റിലെ റസ്റ്റാറന്‍റില്‍നിന്ന് ഭക്ഷണം പാര്‍സല്‍ വാങ്ങി. 265 രൂപയുടെ ബില്ലാണ് ജീവനക്കാരന്‍ നല്‍കിയത്. എന്നാല്‍, ആകെ നിരക്ക് 264.60 രൂപയായിരുന്നു. ബില്‍ റൗണ്ട് ഓഫ് ചെയ്യുന്നതിന്‍റെ ഭാഗമായാണ് 265 രൂപ ഈടാക്കിയത്.

എന്നാല്‍, 40 പൈസ കൂടുതല്‍ ഈടാക്കിയത് എന്തിനാണെന്ന് ജീവനക്കാരോട് ചോദിച്ചിട്ടും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് ആരോപിച്ച്‌ റസ്റ്റാറന്‍റിനെതിരെ മൂര്‍ത്തി ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവം കടുത്ത മാനസികാഘാതമുണ്ടാക്കിയെന്നും ഇതില്‍ ഒരു രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു മൂര്‍ത്തിയുടെ ഹരജി. എന്നാല്‍, സര്‍ക്കാര്‍ നിയമപ്രകാരം 50 പൈസക്ക് മുകളിലുള്ള തുക റൗണ്ട് ഓഫ് ചെയ്ത് ഒരു രൂപയാക്കാമെന്ന് കോടതി നിരീക്ഷിച്ചു. 50 പൈസയില്‍ താഴെയുള്ള തുക ഒഴിവാക്കിയും റൗണ്ട് ഓഫ് ചെയ്യാമെന്നാണ് നിയമം.

ബില്ലിലെ തുക 50 പൈസക്ക് മുകളിലായി 60 പൈസയായതിനാലാണ് ഒരു രൂപയാക്കിയതെന്ന് റസ്റ്റാറന്‍റിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതോടെ പരാതി അനാവശ്യമാണെന്ന് വ്യക്തമാക്കിയ കോടതി പരാതിക്കാരന് 4,000 രൂപ പിഴ വിധിച്ചു. വിധി വന്ന് 30 ദിവസത്തിനുള്ളില്‍ 4000 രൂപയില്‍ 2,000 രൂപ റസ്റ്റാറന്‍റിനും 2,000 രൂപ കോടതി ചെലവുകള്‍ക്കായും നല്‍കണമെന്നാണ് ഉത്തരവ്.

Related News