വലയില്‍ കുടുങ്ങിയ 250 കിലോ തൂക്കമുള്ള കൊമ്പന്‍ സ്രാവിനെ വിറ്റ മല്‍സ്യതൊഴിലാളികള്‍ക്ക് കിട്ടിയത് എട്ടി​ന്റെ പണി

  • 14/03/2022

ബെംഗളൂരു: വലയില്‍ കുടുങ്ങിയ 250 കിലോ തൂക്കമുള്ള കൊമ്പന്‍ സ്രാവിനെ വിറ്റ മല്‍സ്യതൊഴിലാളികള്‍ക്ക് കിട്ടിയത് എട്ടി​ന്റെ പണി. കര്‍ണ്ണാടകയിലെ മാല്‍പെയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് 1972-ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിച്ചിരിക്കുന്ന ഗുരുതര വംശനാശഭീഷണി നേരിടുന്ന സോഫിഷിനെ ലേലത്തിലൂടെ വിറ്റത്.


കൊമ്പന്‍ സ്രാവിനെ വിറ്റ മല്‍സ്യതൊഴിലാളികള്‍ക്കെതിരെ കേസെടുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. സീ ക്യാപ്റ്റന്‍ എന്ന മത്സ്യ ബന്ധന ബോട്ടിലെ തൊഴിലാളികള്‍ക്കാണ് 10 അടി നീളമുള്ള കൊമ്പന്‍ സ്രാവിനെ പിടികൂടിയത്. സ്രാവിനെ കരക്കെത്തിക്കാന്‍ ക്രെയ്നിന്‍റെ സഹായം വേണ്ടിവന്നു. വലയില്‍ കുടുങ്ങിയ അപൂര്‍വ്വ ഇനം സ്രാവിനെ കാണാന്‍ നിരവധിപേരാണ് ഹാര്‍ബറിലെത്തിയത്.

കൊമ്പനെ വെച്ച്‌ ലേലം നടത്തി മംഗലാപുരം സ്വദേശി സ്രാവിനെ വാങ്ങുകയായിരുന്നു. സ്രാവിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസെടുക്കണമെന്ന് ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ ഗണേഷ് പറഞ്ഞു.

വംശനാശ ഭീഷണി നേരിടുന്നതിനാല്‍ അബദ്ധത്തിലാണെങ്കില്‍ പോലും മീനിനെ വിറ്റത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കടുവയെയോ ആനയെയോ കൊല്ലുന്നതിന് നല്‍കുന്ന ശിക്ഷയ്‌ക്ക് സമാനമായ ശിക്ഷ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചേക്കാമെന്നാണ് ഉയരുന്ന അഭിപ്രായം.

Related News