കടുത്ത ചൂടിൽ കേരളം: ഇന്നുമുതൽ വേനൽ മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം

  • 14/03/2022

തിരുവനന്തപുരം: കടുത്ത ചൂടിൽ കേരളം വെന്തുരുകുമ്പോൾ ആശ്വാസമായി ഇന്നുമുതൽ വേനൽ മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴ ലഭിക്കും. അടുത്തയാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടും. അതോടെ സംസ്ഥാനത്തൊട്ടാകെ വേനൽമഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. അന്തരീക്ഷ ആർദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ മഴ ലഭിക്കും. തെക്കൻകേരളത്തിലാണ് കൂടുതൽ സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് മഴയുണ്ടായേക്കുമെന്ന് ഐഎംഡി പ്രവചിച്ചു. 

ഇന്ന് വൈകീട്ടോടെ തിരുവനന്തപുരത്തെ മലയോര മേഖലകളിൽ മഴക്ക് സാധ്യതയുണ്ട്. കണ്ണൂർ, വയനാട് വനമേഖലകളിലും മഴ പെയ്‌തേക്കും. മലപ്പുറം, പാലക്കാട് ജില്ലകളിലെ അതിർത്തിയിലും മഴ പെയ്യാൻ സാധ്യതയുണ്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശ മേഖലയിലും മഴക്ക് സാധ്യതയുണ്ട്. മാർച്ച് 20വരെ ശരാശരി വേനൽമഴ ലഭിച്ചേക്കും. 20ന് ശേഷം ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്.

ന്യൂനമർദത്തിന്റെ സഞ്ചാരപാത വ്യക്തമായിട്ടില്ലെങ്കിലും കേരളത്തിൽ മഴക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് താപനില വർധിക്കുകയാണ്. സംസ്ഥാനത്തെ ആറ് ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കൊല്ലം ജില്ലയിലെ പുനലൂരിലാണ് ഏറ്റവും ഉയർന്ന താപനില (38.8) രേഖപ്പെടുത്തിയത്.

Related News