ഹിജാബ് വിവാദം: കർണാടകയിലെ വിദ്യാർത്ഥിനികളുടെ ഹർജിയിൽ ഇന്ന് വിധി

  • 15/03/2022

ബംഗളുരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇന്ന് വിധിയുണ്ടാകും. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചാണ് വിധി പറയുക. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കർണാടകയിലെ വിദ്യാർത്ഥിനികളാണ് ഹർജി നൽകിയിരുന്നത്. വിവിധ സംഘടനകളും കേസിൽ കക്ഷി ചേർന്നിരുന്നു. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സർക്കാർ നിലപാട്.

ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ലെന്ന് സർക്കാർ ചൂണ്ടികാട്ടിയിരുന്നു. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ലെന്നാണ് സർക്കാർ വാദം. പതിനൊന്ന് ദിവസം കേസിൽ വാദം കേട്ടിരുന്നു. ഹിജാബ് വിഷയത്തിൽ ഇടനിലക്കാരെ പോലെ ഇടപെടാനാകില്ലെന്നും ഭരണഘടനാപരമായ വിഷയങ്ങളാണ് പരിശോധിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം വിധി വരുന്നതുമായി ബന്ധപ്പെട്ട് കർണാടകയിലെ തലസ്ഥാനമായ ബംഗളുരുവിലടക്കം പല  മേഖലകളിലും നിരോധനാജ്ഞയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. കൽബുർഗിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ ശനിയാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയയും പ്രഖ്യാപിച്ചു. ശിവമൊഗ്ഗയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉഡുപ്പിയിലും ദക്ഷിണ കന്നഡയിലും നാളെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ കർണാടകയിൽ ബെൽഗാവി, ഹസ്സൻ, ദേവാൻഗരെ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബംഗ്ലൂരു നഗരത്തിലും പിന്നാലെ നിരോധാനജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം കൂട്ടംകൂടുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ഉഡുപ്പിയിലാണ് ഹിജാബ് വിവാദം ഉടലെടുത്തത്. ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ ക്ലാസിൽ പ്രവേശിപ്പിച്ചില്ല. കുട്ടികൾ ഹിജാബ് ധരിച്ചെത്തിയതോടെ മറുവിഭാഗം കാവി ഷോൾ അണിഞ്ഞെത്തി. തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബും ഷാളും നിരോധിച്ചു. സംഭവത്തെ തുടർന്ന് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘർഷമുണ്ടാകുകയും സ്‌കൂളുകളും കോളേജുകളും അടച്ചിടുകയും ചെയ്തു.

Related News