എൻ ചന്ദ്രശേഖരൻ എയർ ഇന്ത്യയുടെ ചെയർമാനായി ചുമതലയേറ്റു

  • 15/03/2022



ന്യൂ ഡെൽഹി: ടാറ്റ സൺസ് ചെയർമാനായ എൻ ചന്ദ്രശേഖരൻ എയർ ഇന്ത്യയുടെ ചെയർമാനായി ചുമതലയേറ്റു. വ്യോമയാന മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ എയർ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറെയും സിഇഒയെയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വിമാനക്കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേർസാണ് ചന്ദ്രശേഖരന്റെ നിയമന തീരുമാനം കൈക്കൊണ്ടത്.

എയർ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ തുർക്കിഷ് എയർലൈൻ ചെയർമാൻ ഐകർ ഐയ്സി ചുമതലയേൽക്കുമെന്ന് വാർത്തയുണ്ടായിരുന്നു. ഫെബ്രുവരി 14 നായിരുന്നു കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്. എന്നാൽ മാർച്ച് ഒന്നിന് ഇന്ത്യാക്കാരിൽ ഒരു വിഭാഗം തന്റെ നിയമനത്തോട് പ്രതികരിച്ച രീതിയോടുള്ള വിയോജിപ്പിനെ തുടർന്ന് അദ്ദേഹം ടാറ്റ സൺസിന്റെ ഓഫർ വേണ്ടെന്നു വെച്ചു. 

തുർക്കി ഭരണാധികാരിയായ റിസപ് തയിപ് എർദോഗനുമായി അടുത്ത ബന്ധമുള്ളയാളാണ് ഐകർ ഐയ്സി. തുർക്കി പാക്കിസ്ഥാന്റെ അടുത്ത സഖ്യരാഷ്ട്രവുമാണ്. ഇതേ തുടർന്നാണ് ഐയ്സിയുടെ നിയമന വാർത്ത രാജ്യത്തിനകത്തും പുറത്തും വലിയ വിവാദത്തിന് തിരികൊളുത്തിയത്.

Related News