കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥിയെക്കുറിച്ച് ഇന്ന് ദില്ലിയിൽ ചർച്ച, സുധാകരൻ ദില്ലിക്ക്

  • 15/03/2022

തിരുവനന്തപുരം: കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥിയെക്കുറിച്ച് ഇന്ന് ദില്ലിയിൽ ചർച്ച നടക്കും. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ദില്ലിക്ക് പോകും. ഇന്ന് ചേരുന്ന എൽ ഡി എഫ് യോഗം രണ്ട് സീറ്റുകളിലേക്ക് എതൊക്കെ പാർട്ടികൾ മത്സരിക്കുമെന്ന് തീരുമാനിക്കും. 

പ്രതിപക്ഷനേതാവുമായി ചർച്ച ചെയ്ത് ഏകദേശ പാനൽ കെ പി സി സി അധ്യക്ഷൻ തയ്യാറാക്കി. ചെറുപ്പക്കാർക്ക് സീറ്റ് നൽകണമെന്നാണ് താൽപര്യം. എം ലിജു , സതീശൻ പാച്ചേനി എന്നിവരുടെ പേരുകളാണ് സജീവം. വനിതക്കും ഭൂരിപക്ഷസമുദായത്തിനും പ്രാതിനിധ്യം വേണമെങ്കിൽ പത്മജാ വേണുഗോപാലിനെ പരിഗണിക്കണമെന്ന നിർദേശവും വന്നിട്ടുണ്ട്. പിന്നോക്കവിഭാഗത്തെ പരിഗണക്കണമെന്നാണ് പന്തളം സുധാകരന്റെ ആവശ്യം. കെ വി തോമസ് ഇതിനകം ഹൈക്കമാൻഡിനോട് താൽപര്യം അറിയിച്ചു. എം എം ഹസ്സനും സജീവനപരിഗണനയിലാണ്. എ കെ ആന്റണിയുടെ മനസ് കൂടി അറിഞ്ഞ ശേഷമാകും അന്തിമതീരുമാനം. 

ഇടതുമുന്നണിക്ക് ലഭിക്കുന്ന രണ്ട് സീറ്റുകളിൽ നാല് പാർട്ടികളാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. എം വി ശ്രേയംസ്‌കുമാറിന്റെ ഒഴിവിലേക്ക് എൽജെഡി അവകാശവാദമുന്നയിച്ച് കഴിഞ്ഞു. സിപിഐ എൻസിപി ജെഡിഎസ് എന്നി പാർട്ടികളും ഒരു സീറ്റ് വേണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ രണ്ട് സീറ്റും സിപിഎമ്മിന് വേണമെന്നാണ് താൽപര്യം. ഇന്നത്തെ ഇടത് മുന്നണിയോഗത്തിൽ ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും

Related News