കോൺഗ്രസ് എല്ലാവരുടേതുമാണ് ഒരു കുടുംബത്തിന്റെയല്ല; കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗ്രൂപ്പ് 23, നാളെ വിശാല യോഗം

  • 15/03/2022

ദില്ലി: കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ. കൂട്ടത്തോൽവി അത്ഭുതപ്പെടുത്തിയില്ലെന്ന് കപിൽ സിബൽ പറഞ്ഞു. എട്ട് വർഷമായി നടത്താത്ത ചിന്തൻ ശിബിർ ഇപ്പോൾ നടത്തിയിട്ട് എന്ത് പ്രയോജനം നേതാക്കളുടെ മനസിലാണ് ചിന്തൻ ശിബിർ നടക്കേണ്ടിയിരുന്നത്. കോൺഗ്രസ് എല്ലാവരുടേതുമാണ് ഒരു കുടുംബത്തിന്റെയല്ല. രാഹുൽ ഗാന്ധി ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു. പഞ്ചാബിലെത്തി ചന്നിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ രാഹുലിന് എന്തധികാരം ആണുള്ളതെന്നും കപിൽ സിബൽ ചോദിക്കുന്നു. നേതൃത്വം മാറുക തന്നെ വേണം. അല്ലാതെ പരിഷ്‌ക്കാര നടപടികൾ കൊണ്ട് മാത്രം ഗുണം ചെയ്യില്ലെന്നും കപിൽ സിബൽ തുറന്നടിച്ചു. 

ഇതിനിടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗ്രൂപ്പ് 23 വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. നാളെ വിശാല യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. വൈകുന്നേരം 7 മണിക്ക് ചേരുന്ന യോഗത്തിലേക്ക് കേരളത്തിലെ ചില നേതാക്കൾക്കും ക്ഷണം ഉണ്ട്.  സംഘടനാ ജനറൽ സെക്രട്ടറിയെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പിൽ ഗ്രൂപ്പ് 23 നേതാക്കൾ പ്രവർത്തക സമിതി യോഗത്തിൽ പ്രതിഷേധിച്ചിരുന്നില്ല. 

കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യം വേണമെന്നും പ്രവർത്തകസമിതിയിൽ അടക്കം എല്ലാ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോൺഗ്രസ് എംപി ശശി തരൂർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിവിധ ദിനപത്രങ്ങളിലെഴുതിയ ലേഖനത്തിലാണ് പാർട്ടി നേതൃത്വത്തിന് ഒരു നിര നിർദേശങ്ങൾ തരൂർ നൽകുന്നത്. പുതിയ നേതാക്കൾക്ക് കടന്ന് വരാൻ അവസരമൊരുക്കണമെന്നും, അവരുടെ അഭിപ്രായം കേട്ട്, അവരെ പ്രോത്സാഹിപ്പിക്കാനുള്ള അവസരമുണ്ടാകണമെന്നും തരൂർ ആവശ്യപ്പെടുന്നു.

Related News