നിമിഷപ്രിയക്ക് യെമൻ കോടതിയിൽ അപ്പീൽ സമർപ്പിക്കുന്നതിനുള്ള സൗകര്യം നൽകുമെന്ന് കേന്ദ്രം

  • 15/03/2022

ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ലഭിച്ച വധശിക്ഷക്കെതിരേ പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയക്ക് അപ്പീൽ സമർപ്പിക്കാനുള്ള സൗകര്യം നൽകുമെന്ന് കേന്ദ്രസർക്കാർ. ഡൽഹി ഹൈക്കോടതിയിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ബെഞ്ചിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കളുമായി ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്തുന്നതിന് ഇന്ത്യൻ സംഘത്തിന് യാത്ര അനുമതി നൽകുമെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. സേവ് നിമിഷ പ്രയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നൽകിയ ഹർജി പരിഗണിക്കവെയാണ് കേന്ദ്രം ഡൽഹി ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.

യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017-ൽ കൊല്ലപ്പെട്ട കേസിൽ ലഭിച്ച വധശിക്ഷയിൽ ഇളവു ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയ നൽകിയ ഹർജി യെമനിലെ അപ്പീൽ കോടതി തള്ളിയിരുന്നു. അപ്പീൽ കോടതി വിധിക്ക് എതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ നിമിഷ പ്രിയക്ക് അവകാശമുണ്ട്. ഇതിനുള്ള സഹായം നൽകുമെന്നാണ് കേന്ദ്ര സർക്കാർ ചൊവ്വാഴ്ച ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട രേഖകൾ തർജ്ജിമ ചെയ്യുന്നതിന് ഉൾപ്പെടെയുള്ള സഹായം സർക്കാർ ഉറപ്പാക്കുമെന്നും കേന്ദ്രത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്ത് 2016 മുതൽ യെമനിലേക്ക് സഞ്ചരിക്കുന്നതിന് ഇന്ത്യക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ നിമിഷ പ്രിയയുടെ ബന്ധുക്കൾക്കോ, അവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന സംഘടനകളിലെ അംഗങ്ങൾക്കോ യെമനിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ യാത്ര വിലക്കിൽ ഇളവ് അനുവദിച്ച് ഇന്ത്യൻ സംഘത്തിന് യാത്ര അനുമതി നൽകുമെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ നിലപാടുകൾ രേഖപ്പെടുത്തി സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കുകയും ചെയ്തു.

Related News