പോസ്റ്റ്മാൻ ലിഫ്റ്റ് കൊടുത്തില്ല, തപാലുകൾ റോഡിൽ വിതറി മദ്യപന്റെ പ്രതികാരം

  • 15/03/2022

കാക്കനാട്: 'എന്നെയൊന്ന് കാക്കനാട് കൊണ്ടുവിടണം, അല്ലെങ്കിൽ വണ്ടിയുടെ ചാവി ഊരിയെടുത്ത് എറിഞ്ഞുകളയും.' നാവു കുഴഞ്ഞതാണെങ്കിലും ആ വാക്കുകളിൽ ഭീഷണിയുണ്ടായിരുന്നു. 'സോറി, ലിഫ്റ്റ് തരാനുള്ള സമയമില്ല… ജോലിത്തിരക്കിലാണെ'ന്ന മറുപടിയിലൊന്നും ആ മദ്യപാനി തണുത്തില്ല. തൊട്ടുപിന്നാലെ സ്‌കൂട്ടറിലുണ്ടായിരുന്ന തപാലുകൾ വലിച്ചെടുത്ത് റോഡിലാകെ വിതറി പ്രതികാരം. തിങ്കളാഴ്ച ഉച്ചയോടെ കാക്കനാട് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാൻ അഭിലാഷ് കെ. അരവിന്ദന് നേരേയാണ് മദ്യപിച്ചെത്തിയയാളുടെ പരാക്രമം.

കളക്ടറേറ്റിന് സമീപം കാക്കനാട് വി.എസ്.എൻ.എൽ. റോഡിലായിരുന്നു സംഭവം. ഈ റോഡിന് സമീപത്തെ ഫ്ളാറ്റിൽ കത്തു നൽകാൻ അഭിലാഷ് സ്‌കൂട്ടറിലെത്തിയപ്പോഴാണ് മദ്യപിച്ചെത്തിയ മാഞ്ഞാലി സ്വദേശിയായ യുവാവ് തടഞ്ഞുനിർത്തിയത്. കാക്കനാട് ജങ്ഷനിൽ എത്തിക്കണമെന്നായിരുന്നു ആവശ്യം. 

ജോലിയിലായതിനാൽ പറ്റില്ല എന്ന് പറഞ്ഞതോടെ അഭിലാഷിന്റെ സ്‌കൂട്ടറിന്റെ താക്കോൽ ഊരിയെടുത്ത് വലിച്ചെറിയുമെന്ന് ഭീഷണിപ്പെടുത്തി. താക്കോൽ ഊരി അഭിലാഷ് കൈയിൽപ്പിടിച്ചു. ഇതോടെ വണ്ടിയിൽ നിന്നും സർക്കാർ കത്തുകൾ ഉൾപ്പെടെയുള്ള ഒരുകൂട്ടം തപാൽ ഉരുപ്പടികൾ കൈക്കലാക്കി ഇയാൾ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.

പിന്നീട് നടന്നുനീങ്ങിയ മദ്യപനെ സംഭവം കണ്ട് ഓടിയെത്തിയ ഫ്ളാറ്റിലെ താമസക്കാർ ഉൾപ്പെടെയുള്ളവർ ചേർന്ന് തടഞ്ഞുനിർത്തി, പോലീസിന് കൈമാറുകയും ചെയ്തു. റോഡിലാകെ ചിതറിക്കിടന്ന കത്തുകൾ പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് പോസ്റ്റുമാൻ ശേഖരിച്ചത്.

Related News