ഹിജാബ് നിരോധനം: കോടതി ഉത്തരവിൽ കടുത്ത നിരാശ, നീതി ലഭിച്ചില്ലെന്ന് വിദ്യാർത്ഥികൾ

  • 15/03/2022

ഉഡുപ്പി: വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച സർക്കാർ ഉത്തരവ് ശരിവച്ച കർണാടക ഹൈക്കോടതിയുടെ വിധിയിൽ നിരാശരെന്ന് ഹർജി നൽകിയ വിദ്യാർത്ഥികൾ. ഹൈക്കോടതിയിൽ നിന്നും തങ്ങൾക്ക് നീതി ലഭിച്ചില്ലെന്ന് ഹർജിക്കാരായ ആറ് വിദ്യാർത്ഥികൾ പ്രതികരിച്ചു. ഭരണഘടനാമൂല്യങ്ങൾ കോടതി ഉയർത്തിപിടിക്കുമെന്നാണ് കരുതിയത്. ഈ ഉത്തരവ് അംഗീകരിക്കാനാകാത്തതാണ്. ഹിജാബ് ധരിച്ച് തന്നെ കോളേജിൽ പോകുമെന്നും അവകാശം നേടിയെടുക്കും വരെ പ്രതിഷേധം തുടരുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു. 

'പ്രാദേശിക തലത്തിൽ പരിഹരിക്കപ്പെടേണ്ട ഹിജാബിന്റെ പ്രശ്‌നം ഇപ്പോൾ രാഷ്ട്രീയ-സാമുദായിക പ്രശ്‌നമായെന്നും കോടതിയിൽ നിന്നും തിരിച്ചടിയുണ്ടായെങ്കിലും പഠനം നിർത്തില്ലെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഡിസംബറിൽ ഹിജാബ് ധരിക്കുന്നതിനെ ചൊല്ലി കോളേജുകളിൽ സംഘർഷം രൂപപ്പെട്ടതോടെയാണ് വിദ്യാർത്ഥികൾ ഹൈക്കോടതിയിലെത്തിയത്. 

'ഞങ്ങൾക്ക് ഹിജാബ് വേണം. ഹിജാബ് ഇല്ലാതെ ഞങ്ങൾ കോളേജിൽ പോകില്ല,' സ്ത്രീകൾക്ക് ശിരോവസ്ത്രം അവരുടെ മതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഖുറാനിൽ പരാമർശിക്കുന്നുണ്ട്. പെൺകുട്ടി മുടിയും നെഞ്ചും മറയ്ക്കണമെന്ന് ഖുറാനിൽ പറഞ്ഞിട്ടുണ്ട്. ഇത് ഖുറാനിൽ പറഞ്ഞിരുന്നില്ലെങ്കിൽ ഞങ്ങൾ ധരിക്കില്ലായിരുന്നു, ഇത് ഖുറാനിൽ പറഞ്ഞില്ലെങ്കിൽ ഞങ്ങൾ സമരം ചെയ്യില്ലായിരുന്നു,' ഹർജിക്കാരിൽ ഒരാളായ യുവതി പറഞ്ഞു.

Related News