ഹിജാബ് നിരോധനമാകാമെന്ന കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ വിദ്യാർത്ഥിനി സുപ്രീംകോടതിയിൽ

  • 15/03/2022


ന്യൂ ഡെൽഹി: കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധനമാകാമെന്ന കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി. നിബാ നാസ് എന്ന വിദ്യാർത്ഥിനിയാണ് കോടതിയെ സമീപിച്ചത്. അനുഛേദം 21 ൻ്റെ ഭാഗമായി സ്വകാര്യതയ്ക്കുള്ള മൗലിക അവകാശ ലംഘനമാണ് വിധിയെന്ന് ഹർജിക്കാരി പറയുന്നു.

ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്നാണ് കർണാടക ഹൈക്കോടതി ഉത്തരവിൽ നിരീക്ഷിച്ചത്. ഇസ്ലാം മതത്തിൽ അവിഭാജ്യഘടകമല്ല ഹിജാബ് എന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ ഒരു സംഘം വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. 

ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ലെന്ന് സർക്കാർ ചൂണ്ടികാട്ടിയിരുന്നു. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ലെന്നാണ് സര്‍ക്കാര്‍ വാദം. പതിനൊന്ന് ദിവസം കേസില്‍ വാദം കേട്ടിരുന്നു.

അതേസമയം ഹിജാബ് ഉത്തരവ് വരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബെംഗ്ലൂരു, കലബുര്‍ഗി, ഹാസ്സന്‍, ദാവന്‍കരെ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ. ഉഡുപ്പിയും ദക്ഷിണകന്നഡിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിരിക്കുകയാണ്. വിധിക്ക് മുമ്പ് കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര മുഖ്യമന്ത്രി ബസവരാജ ബൊമ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നാല് മാസത്തിലേറെ നീണ്ട പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവിലാണ് ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് വിധി പറയുന്നത്. 

ഉഡുപ്പിയിലെ സര്‍ക്കാര്‍ കോളേജില്‍ തുടങ്ങിയ എതിര്‍പ്പാണ് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിമാറിയത്. ഹിജാബ് അനുവദിക്കാത്തതിന്‍റെ പേരില്‍ ഇരുന്നൂറ്റിയമ്പതോളം വിദ്യാര്‍ത്ഥിനികളാണ് ഇതുവരെ പരീക്ഷ ബിഹിഷ്കരിച്ചത്. ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാര വസ്ത്രങ്ങള്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. കർണാടക ഹൈക്കോടതി ഉത്തരവ് കൂടി വന്നതോടെ സർക്കാരിന് ഉറച്ച നിലപാട് തുടരാം.

Related News