കുട്ടികൾക്ക് വാക്‌സീൻ, 60 കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ്; രാജ്യത്ത് ഇന്ന് തുടക്കം

  • 15/03/2022

ദില്ലി: രാജ്യത്ത് പന്ത്രണ്ടിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്‌സീനേഷനും അറുപത് വയസ്സിന് മുകളിലുള്ളവർക്കുള്ള കരുതൽ ഡോസിൻറെ വിതരണവും ഇന്ന് തുടങ്ങും. 2010 മാർച്ച് 15  ന് മുമ്പ് ജനിച്ചവർക്കാണ് ഈ ഘട്ടത്തിൽ വാക്‌സിനേഷൻ നൽകുക. കൊർബവാക്‌സ് മാത്രമാകും കുട്ടികളിൽ കുത്തിവെക്കുക. ഇത് ഉറപ്പുവരുത്താനായി ഈ വിഭാഗത്തിലുള്ളവർക്ക് പ്രത്യേക വാക്‌സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൊവിൻ ആപ്പിൽ സ്വന്തമായി അക്കൌണ്ട് ഉണ്ടാക്കിയോ കുടുംബാംഗങ്ങളുടെ അക്കൗണ്ട് വഴിയോ രജിസ്റ്റർ ചെയ്യാം. വാക്‌സിനേഷൻ കേന്ദ്രത്തിൽ നേരിട്ടത്തിയും രജിസ്‌ട്രേഷൻ നടത്താം.

നിലവിൽ 15 നും അതിന് മുകളിൽ പ്രായമുള്ളവർക്കുമായിരുന്നു രാജ്യത്ത് വാക്സിൻ നൽകിയിരുന്നത്. സ്‌കൂളുകൾ പഴയത് പോലെ തുറന്നതോടെ കൂടുതൽ കുട്ടികൾക്ക് വാക്‌സീൻ നൽകാനാണ് കേന്ദ്രത്തിൻറെ തീരുമാനം. ബയോളജിക്കൽ ഇ കമ്പനി പുറത്തിറക്കുന്ന കൊർബവാക്‌സ് ആകും കുട്ടികൾക്ക് നൽകുക. കൊർബവാക്‌സ് ഉൾപ്പടെ മൂന്ന് വാക്‌സീനുകൾക്കാണ് നിലവിൽ 12 വയസ്സിന് മുകളിലുള്ളവരിൽ കുത്തിവെക്കാൻ അനുമതിയുള്ളത്. സൈക്കോവ് ഡി, കൊവാക്‌സീൻ എന്നിവയാണ് മറ്റ് രണ്ട് വാക്‌സീനുകൾ. ജനുവരി മൂന്നിനാണ് രാജ്യത്ത് പതിനഞ്ച് വയസ്സിന് മുകളിലുള്ളവരിൽ വാക്‌സിനേഷൻ തുടങ്ങിയത്. ഈ വിഭാഗത്തിലെ അർഹരായ മുഴുവൻ പേരും ആദ്യ ഡോസ്  സ്വീകരിച്ചു. പകുതി പേർ വാക്‌സീനേഷൻ പൂർത്തിയാക്കി. ഇതോടെയാണ് 12 വയസിന് മുകളിലുള്ളവർക്കും വാക്‌സീൻ നൽകാൻ തീരുമാനിച്ചത്.

മുതിർന്ന പൗരന്മാർക്ക് കരുതൽ എന്ന നിലയിലാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. മറ്റ് അസുഖങ്ങൾ ഉള്ള മുതിർന്ന പൗരന്മാർക്ക് മാത്രമാണ് ഇതുവരെ കരുതൽ ഡോസ് നൽകിയിരുന്നത്. ഈ നിബന്ധന നീക്കി അറുപത് വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്‌സീൻ നൽകാനാണ് തീരുമാനം. രണ്ട് കോടി പേരാണ് രാജ്യത്ത് ഇതുവരെ കരുതൽ ഡോസ് സ്വീകരിച്ചത്.

Related News