ഹിജാബ് ധരിക്കാതെ പോകാനാകില്ലെന്ന് വിദ്യാർത്ഥിനി, ഇനി പോരാട്ടം സുപ്രീംകോടതിയിൽ

  • 16/03/2022

ദില്ലി: കർണാടകയിലെ ഹിജാബ് നിരോധനത്തിനെതിരായ പോരാട്ടം ഇനി സുപ്രീം കോടതയിൽ നടക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുള്ള കർണാടക സർക്കാരിൻറെ തീരുമാനം കർണാടക ഹൈക്കോടതി ശരിവച്ചതോടെയാണ് പോരാട്ടം രാജ്യത്തെ പരമോന്നത കോടതിയിലെക്കെത്തുന്നത്. ഹൈക്കോടതി ഉത്തരവ് നീതി നിഷേധമെന്നും ഹിജാബ് ധരിക്കാതെ പോകാനാകില്ലെന്നാണ് ഹർജിക്കാരായ വിദ്യാർത്ഥിനികളുടെ നിലപാട്. കർണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാർത്ഥിനികളിൽ ചിലർ ഇതിനകം സുപ്രീം കോടതിയെ സമീപിച്ച് കഴിഞ്ഞു.

നിബാ നാസ് എന്ന വിദ്യാർത്ഥിനിയാണ് ആദ്യം സുപ്രീം കോടതിയെ സമീപിച്ചത്. ഇന്ത്യൻ ഭരണഘടന അനുഛേദം 21 ൻറെ ഭാഗമായി സ്വകാര്യതക്കുള്ള മൗലിക അവകാശ ലംഘനമാണ് വിധിയെന്ന് ഹർജിക്കാരി കോടതിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. മറ്റ് കുട്ടികളും വരും ദിവസങ്ങളിൽ ഹർജിയുമായി സുപ്രീം കോടതിയിലെത്തിയേക്കാം. ഹിജാബ് വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് ദേശീയ നേതൃത്വവും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഹിജാബ് ഇസ്ലാമിക വിശ്വാസത്തിൻറെ അവിഭാജ്യ ഘടകമല്ല എന്ന് പറയാൻ കോടതിക്ക് അധികാരമില്ലെന്നും മുസ്ലിം യൂത്ത് ലീഗ് ദേശിയ ജനറൽ സെക്രട്ടറി
വി കെ ഫൈസൽ ബാബു അഭിപ്രായപ്പെട്ടു.

അതേസമയം ഹിജാബ് ഉത്തരവിൻറെ പശ്ചാത്തലത്തിൽ കർണാകയിൽ വിവിധയിടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. സംഘർഷസാധ്യത കണക്കിലെടുത്ത് തീരമേഖലകളിൽ പൊലീസ് പരിശോധന വർധിപ്പിച്ചിട്ടുണ്ട്. ഉഡുപ്പിയിലും ദക്ഷിണകന്നഡയിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കും. ബെംഗ്ലൂരുവിലും നിയന്ത്രണങ്ങൾ തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം കൂട്ടംകൂടുന്നതിന് വിലക്ക് എർപ്പെടുത്തിയിട്ടുണ്ട്.

Related News