ഭഗവന്ത് മൻ സർക്കാർ ഇന്ന് അധികാരമേൽക്കും, കൊവിഡ് നിയന്ത്രണങ്ങളില്ല

  • 16/03/2022

അമൃത്സർ: പഞ്ചാബിൽ പുതുയുഗപ്പിറവിക്ക് തുടക്കമിട്ട് ഇന്ന് ഭഗവന്ത് മാൻ സർക്കാർ അധികാരമേൽക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് സത്യപ്രതിജ്ഞ. നാല് ലക്ഷത്തിലേറെ ആളുകൾ ഭഗവത് മന്നിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്പത് ഏക്കറിലാണ് സത്യ പ്രതിജ്ഞ ചടങ്ങുകൾക്ക് ഉള്ള പന്തൽ ഒരുക്കിയിരിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കുന്ന പുരുഷന്മാരോട് മഞ്ഞ തലപ്പാവും സ്ത്രീകളോട് മഞ്ഞ ഷാളും അണിയാൻ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മൻ അഭ്യർത്ഥിച്ചിരുന്നു. 

ദില്ലിക്ക് പുറത്ത് ആംആദ്മി അധികാരത്തിൽ എത്തുന്ന ആദ്യത്തെ സംസ്ഥാനമാണ് പഞ്ചാബ്. ധീരരക്തസാക്ഷി ഭഗത് സിംഗിൻറെ ജന്മഗ്രാമത്തിൽ വച്ചു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പഞ്ചാബിലെ മുഴുവൻ ജനങ്ങളേയും ക്ഷണിക്കുന്നതായി നേരത്തെ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞിരുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളടക്കം നിരവധി പ്രമുഖർ സത്യപ്രതിജ്ഞ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനാൽ ആം ആദ്മി സർക്കാരിൻറെ സത്യപ്രതിജ്ഞ ആഘോഷമാകും. കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞസാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയ നടപടി. പൊതുപരിപാടികൾക്കുള്ള വിലക്ക് അടക്കമുള്ളവയും നീക്കി. അതേസമയം കൊവിഡ് സുരക്ഷ മാനദണ്ഡങ്ങൾ തുടരുണമെന്നും ഉത്തരവിൽ പറയുന്നു.

Related News