കോവിഡിൽ തൊഴിൽ നഷ്ടപ്പെട്ടത് 12.6 ലക്ഷം പ്രവാസികൾക്ക്

  • 16/03/2022

തിരുവനന്തപുരം: കോവിഡ് കാലത്ത് കേരളത്തിലെ 12 ലക്ഷത്തിലേറെ പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെട്ടെന്ന് നിയമസഭയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സാമ്പത്തിക സർവേ. കോവിഡ് ജാഗ്രതാ പോർട്ടലിനെയും നോർക്ക റൂട്‌സിനെയും ഉദ്ധരിച്ചുള്ള ഈ കണക്ക് അന്തിമമല്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഭൂരിഭാഗം പേരും വിദേശത്തേക്ക് മടങ്ങിയെന്നും പറയുന്നുണ്ടെങ്കിലും അത് സന്ദർശക വിസയിലാണോ തൊഴിൽ വിസയിലാണോ എന്ന് വ്യക്തമാക്കുന്നില്ല. അതേസമയം, നാട്ടിലേക്ക് മടങ്ങിയവരിൽ വലിയൊരു വിഭാഗത്തെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനുണ്ടെന്നും സർവേ വ്യക്തമാക്കുന്നു.

കോവിഡ് കാലത്ത് ആകെ 17,48,431 പ്രവാസികൾ മടങ്ങിയെത്തി. ഇതിൽ 12,64043 പേരുടെ (72 ശതമാനം) തൊഴിൽ നഷ്ടപ്പെട്ടു. യു.എ.ഇ.യിൽനിന്നാണ് കൂടുതൽ പേർ മടങ്ങിയത്-10,39,651 പേർ. രണ്ടാമത് സൗദിയിൽനിന്ന്-1,91,797 പേർ. 2018-ലെ കണക്കനുസരിച്ച് 21,21,888 പേരാണ് വിദേശത്ത് ജോലി ചെയ്യുന്ന മലയാളികൾ. ഇതിൽ പാതിയിലേറെപ്പേർക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്ന് സർവേ പറയുന്നു. ഒരു വർഷം കേരളത്തിലേക്ക് പ്രവാസികൾ 20,000 കോടിയോളം രൂപ അയക്കുന്നുണ്ടെന്ന് ബാങ്കിങ് മേഖല പറയുന്നു. പാതിപേർക്ക് തൊഴിൽ നഷ്ടപ്പെട്ടാൽ ഈ വരവ് ഗണ്യമായി കുറയാം. കൂടുതൽ പ്രവാസികളുള്ള(4,06,054 പേർ) മലപ്പുറത്തെയാണിത് ബാധിക്കുക.

കോവിഡ് കാരണം സാധാരണ വിമാനസർവീസുകൾ നന്നേ കുറഞ്ഞ 2020 മേയ് മുതൽ 2021 ഓഗസ്റ്റ് വരെ 35,05,671 പേർ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ എത്തിയെന്ന സർവേയിലെ കണ്ടെത്തൽ പ്രവാസികളുടെ മടങ്ങിവരവിന്റെ രൂക്ഷത വ്യക്തമാക്കുന്നു. കൊച്ചി വിമാനത്താവളത്തിലാണ് ഏറ്റവും കൂടുതൽ പേർ വന്നത്-12,950 സർവീസുകളിലായി 13,90,165 പേർ. രണ്ടാമത് കരിപ്പൂരാണ്-8600 സർവീസുകളിലായി 10,29,980 പേർ. തൊഴിലവസരം കുറഞ്ഞതിനാൽ കോവിഡിനുമുമ്പുതന്നെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറഞ്ഞു. 2013-ൽ 24,00,375 പ്രവാസികളുണ്ടായിരുന്ന കേരളത്തിൽ 2018 ആയപ്പോഴേക്കും ഇത് 21,21,888 ആയി. 2.78 ലക്ഷത്തോളം കുറവ്.

Related News