ഹിജാബ് നിരോധന ഉത്തരവ്; കർണാടകയിൽ ഇന്ന് മുസ്ലിം സംഘടനകളുടെ ബന്ദ്

  • 17/03/2022

ബംഗളൂരു: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ഏർപ്പെടുത്തിയ ഉത്തരവിനെതിരെ കർണാടകയിൽ ഇന്ന് മുസ്ലിം സംഘടനകളുടെ ബന്ദ്. റാലികൾ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. തീരമേഖലകളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ബംഗളൂരുവിൽ അടക്കം നിരോധനാജ്ഞ തുടരുകയാണ്. വൈകിട്ട് 7 മണി വരെയാണ് ബന്ദ്. ഹിജാബ് ഉത്തരവിന് എതിരായ പ്രതിഷേധം അറിയിച്ചാണ് കടകൾ അടച്ചുള്ള പ്രതിഷേധം. സംഘർഷസാധ്യത കണക്കിലെടുത്താണ് തീരമേഖലകളിൽ പൊലീസ് പരിശോധന കൂട്ടിയത്. 

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം കൂട്ടംകൂടുന്നതിന് വിലക്ക് എർപ്പെടുത്തിയിരിക്കുകയാണ്. കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധനമാകാമെന്ന് ചൊവ്വാഴ്ചയാണ് ഹൈക്കോടതി വിധിച്ചത്. ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്നും കർണാടക ഹൈക്കോടതി  ഉത്തരവിൽ നിരീക്ഷിക്കുന്നു. ഇസ്ലാം മതത്തിൽ അവിഭാജ്യഘടകമല്ല ഹിജാബ് എന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.  

ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കർണാടകയിലെ ഒരു സംഘം വിദ്യാർത്ഥിനികളാണ് ഹർജി നൽകിയിരുന്നത്. വിവിധ സംഘടനകളും കേസിൽ കക്ഷി ചേർന്നിരുന്നു. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സർക്കാർ നിലപാട്.  ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ലെന്ന് സർക്കാർ ചൂണ്ടികാട്ടിയിരുന്നു.  ഭരണഘടനയുടെ 25-ാം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ലെന്നാണ് സർക്കാർ വാദം. പതിനൊന്ന് ദിവസം കേസിൽ വാദം കേട്ടിരുന്നു.

Related News