സമീപകാല തെരഞ്ഞെടുപ്പുകളിൽ തോറ്റവരെ രാജ്യസഭയിലേക്ക് പരിഗണിക്കരുത്; സുധാകരനെ വെട്ടിലാക്കി മുരളീധരൻ

  • 17/03/2022

തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പിൽ സമീപകാല തെരഞ്ഞെടുപ്പുകളിൽ തോറ്റവരെ പരിഗണിക്കരുതെന്ന് കെ മുരളീധരൻ. പരാജയപ്പെട്ടവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് മുരളീധരൻ കത്തയച്ചു. തെരഞ്ഞെടുപ്പിൽ തോറ്റവർ ആ മണ്ഡലങ്ങളിൽ പോയി ജോലി ചെയ്യണമെന്നാണ് മുരളീധരൻ പറയുന്നത്. കെ സുധാകരന്റെ നോമിനിയായ എം ലിജുവിനെതിരെ കെ സി വേണുഗോപാൽ വിഭാഗം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ലിജു അടക്കം തോറ്റവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാലിനെ അനുകൂലിക്കുന്ന കെപിസിസി ഭാരവാഹികൾ എഐസിസിക്കും കത്തയച്ചിട്ടുണ്ട്. 

കേരളത്തിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ എം ലിജുവിനെ കൊണ്ടുവരണമെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആഗ്രഹിക്കുന്നത്. സീറ്റാവശ്യവുമായി ദില്ലിയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുമായി സുധാകരൻ കൂടിക്കാഴ്ചയും നടത്തി. എം ലിജുവും രാഹുലുമൊത്തുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ലിജുവിന്റെ പേര് പരിഗണനയിലുണ്ടെന്ന് സുധാകരൻ സ്ഥിരീകരിക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയെ കണ്ടത് രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ടാണെന്ന് എം ലിജുവും വ്യക്തമാക്കി. രാജ്യസഭാ സീറ്റിൽ പാർട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്നാണ് ലിജു പ്രതികരിച്ചത്. ഇതിനിടയിലാണ് ലിജുവിനെ ലക്ഷ്യം വച്ചുള്ള കെ സി വേണുഗോപാൽ അനുകൂലികളുടെ നീക്കം. 

കെ വി തോമസ് അടക്കമുള്ള മുതിർന്ന നേതാക്കളും സി പി ജോണിനെ പോലുള്ള ഘടകകക്ഷി നേതാക്കളും രാജ്യസഭ സീറ്റിനായി സമ്മർദ്ദം തുടരുന്നുണ്ട്. ലിജുവിന് പുറമേ വി ടി ബൽറാമിന്റെ പേരും യുവനേതാവെന്ന നിലയിൽ സജീവ ചർച്ചയിലുണ്ട്. ഇതിനിടയിലാണ് ഹൈക്കമാൻഡിനുള്ള മുരളീധരന്റെ കത്തും, കെ സി വേണുഗോപാൽ അനുകൂലികളുടെ എഐസിസിക്കുള്ള കത്തും. തെരഞ്ഞെടുപ്പിൽ തോറ്റവർ പരിഗണിക്കപ്പെടരുതെന്നാണ് തീരുമാനമെങ്കിൽ അത് ലിജുവിനും ബലറാമിനും പ്രതികൂലമാകും. നിയമസഭ തെരഞ്ഞെടുപ്പിൽ ലിജു അമ്പലപ്പുഴയിലും, വി ടി ബൽറാം തൃത്താലയിലും പരാജയപ്പെട്ടിരുന്നു. ഇനിയെ വനിതയെ ആണ് രാജ്യസഭയിലേക്ക് പരിഗണിക്കുന്നതെങ്കിൽ മുൻപന്തിയിലുള്ള ഷാനിമോൾ ഉസ്മാനും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതാണ്.

Related News