നിമിഷ പ്രിയയുടെ മോചനം; സഹായം വാഗ്ദാനം ചെയ്ത് സംസ്ഥാന സർക്കാരും; അമ്മ മുഖ്യമന്ത്രിയെ കണ്ടു

  • 17/03/2022

തിരുവനന്തപുരം: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ബന്ധുക്കൾ മുഖ്യമന്ത്രിയെ കണ്ടു.രക്ഷപ്പെടുത്തുന്നതിനാവശ്യമായ നയപരമായ സഹായം തേടിയാണ് നിമിഷ പ്രിയയുടെ അമ്മയ പ്രേമകുമാരിയും ആക്ഷൻ കൗൺസിൽ അംഗങ്ങളും മുഖ്യമന്ത്രിയെ കണ്ടത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് ചെയ്യാൻ കഴിയുന്ന പരമാവധി സഹായം നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി പറഞ്ഞു. ഇതേ ആവശ്യവുമായി നിമിഷ പ്രിയയുടെ അമ്മയും ആക്ഷൻ കൗൺസിൽ അംഗങ്ങളും പ്രതിപക്ഷ നേതാവ് വി ഡി സതീശനേയും കണ്ടു.

അതേസമയം,  നിമിഷ പ്രിയയുടെ വധശിക്ഷക്കെതിരെ യെമൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള സഹായം കേന്ദ്ര സർക്കാർ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാടറിയിച്ചത്. യെമനിലെത്തി ചർച്ചകൾ നടത്താനുള്ള സഹായവും കേന്ദ്രം നൽകും. ഇതുമായി ബന്ധപ്പെട്ട ഹർജി ദില്ലി ഹൈക്കോടതി ഹർജി തീർപ്പാക്കിയിട്ടുണ്ട്.

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട്  സ്വദേശി നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലാണ്  ദില്ലി ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. നയതന്ത്രതലത്തിൽ ഇടപെടാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.

Related News