കെ റെയിൽ സമരക്കാർക്കെതിരെ പൊലീസ് നടപടി, ചങ്ങനാശ്ശേരിയിൽ നാളെ ഹർത്താൽ

  • 17/03/2022

കോട്ടയം: കോട്ടയം മാടപ്പള്ളിയിൽ കെ റെയിൽ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശേരിയിൽ നാളെ ഹർത്താലിന് ആഹ്വാനം. കെ റെയിൽ വിരുദ്ധ സമരസമിതിയും യുഡിഎഫും ബിജെപിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. 

സ്ത്രീകളടക്കമുളള സമരക്കാരെ അറസ്റ്റുചെയ്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമാവുകയാണ്. അറസ്റ്റുചെയ്ത സമരക്കാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിൽ യുഡിഎഫും ബിജെപിയും പ്രതിഷേധവുമായെത്തി. അറസ്റ്റിലായ 23 പേരിൽ മൂന്ന് പേരെ ഇനിയും വിട്ടയച്ചിട്ടില്ല. ഇതോടെയാണ് പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. സ്റ്റേഷന് മുന്നിലും പൊലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളും നടന്നു.

സിൽവർ ലൈൻ പ്രതിഷേധത്തിനെതിരായ ചങ്ങനാശ്ശേരിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. കെ റെയിലിനെതിരെ സമരം ശക്തമാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പിന്റെ ലംഘനമാണുണ്ടായതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി.

Related News