രാജ്യസഭയിലേക്ക് കോൺഗ്രസിൽ നിന്നാരെന്നതിൽ തീരുമാനം വൈകുന്നു; എൽഡിഎഫ് സ്ഥാനാർഥികൾ ഇന്ന് പത്രിക നൽകും

  • 18/03/2022

തിരുവനന്തപുരം: കോൺഗ്രസിന്റെ രാജ്യസഭ സ്ഥാനാർഥി ആരെന്നതിൽ തീരുമാനം നീളുന്നു. പല പേരുകളാണ് ഇപ്പോൾ നേതൃത്വത്തിന്റെ പരിഗണനയിൽ ഉള്ളത്. സ്ഥാനാർഥി ആരാകണം എന്നതിൽ കേരളത്തിലെ നേതൃത്വം ഹൈക്കമാണ്ടുമായുള്ള ചർച്ച ഇന്നും തുടരും. സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയുമായി കെ.സുധാകരൻ നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്താകും തുടർ ചർച്ചകൾ.

ദില്ലിയിൽ കഴിഞ്ഞ ദിവസം പല തവണകളായി ചർച്ച നടത്തിയെങ്കിലും ധാരണയിലെത്തിയിട്ടില്ല. എം.ലിജുവിനൊപ്പമാണ് കെ സുധാകരൻ ഇന്നലെ രാഹുൽഗാന്ധിയെ കണ്ടത്. തൊട്ടുപിന്നാലെ എം ലിജുവിനെതിരെ കേരളത്തിൽ നിന്നുള്ള ചില നേതാക്കൾ രംഗത്തെത്തി. കെ സുധാകരന്റെ നോമിനി എം.ലിജുവടക്കം അടുത്തകാലത്ത് തെരഞ്ഞെടുപ്പിൽ തോറ്റ ആരെയും പരിഗണിക്കരുതെന്നാണ് കെ.സി.വേണുഗോപാലിന്റെയും എ ഗ്രൂപ്പിന്റെയും ആവശ്യം. കെ.മുരളീധരനും ഇതേ നിലപാടാണ്. ഇക്കാര്യം ആവശ്യപ്പെട്ട് കെ മുരളീധരൻ ഹൈക്കമാണ്ടിന് കത്ത് നൽകുകയും ചെയ്തു. 

ഇതിനിടെ ഹൈക്കമാൻഡ് നോമിനിയായി ശ്രീനിവാസൻ കൃഷ്ണനെ മൽസരിപ്പിക്കാൻ ദേശീയതലത്തിൽ സമ്മർദമുണ്ടായി. തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണനെ ഹൈക്കമാൻഡ് നോമിനിയായി പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്നലെയാണ് കെപിസിസി നേതൃത്വത്തിന് നിർദേശം ലഭിച്ചത്. സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് റോബർട്ട് വദ്രയുമായി ബിസിനസ് ബന്ധങ്ങളുള്ള പ്രിയങ്കയുടെ വിശ്വസ്തനും തൃശ്ശൂർ സ്വദേശിയുമായ ശ്രീനിവാസൻ കൃഷ്ണൻറെ പേര് സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഹൈക്കമാൻഡ് നിർദേശിച്ചത്. ഇതിനെതിരെ കടുത്ത എതിർപ്പുണ്ടായതോടെ അതിലും തീരുമാനമാക്കാനായില്ല.

Related News